തൃ​പ്ര​ങ്ങോ​ട് പൂ​ഴിം​കു​ന്ന് വെ​ള്ളാ​മ​ശ്ശേ​രി​യി​ൽ പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യി ചോ​ർ​ന്നൊ​ലി​ക്കു​ന്ന

വീ​ടി​ന് മു​ന്നി​ൽ സു​ഭ​ദ്ര​മ്മ

സുഭദ്രമ്മക്ക് സ്വസ്ഥമായി അന്തിയുറങ്ങാൻ വേണം അടച്ചുറപ്പുള്ള വീട്

തിരൂർ: 58കാരിയായ സുഭദ്രമ്മക്ക് സമാധാനത്തോടെ അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരുവീട് വേണം. തൃപ്രങ്ങോട് പഞ്ചായത്തിലെ വാർഡ് ഒന്നിലെ പൂഴിംകുന്ന് വെള്ളാമശ്ശേരിയിലെ ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ ചോർന്നൊലിക്കുന്ന വീട്ടിലാണ് സുഭദ്രമ്മ താമസിക്കുന്നത്. സുഭദ്രമ്മക്ക് കൂട്ടായി താൻ എടുത്തു വളർത്തിയ രണ്ട് നായ്ക്കളാണുള്ളത്.

ഒരു വീടിനായി പല തവണ ശ്രമിച്ചെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ലെന്ന് സുഭദ്രമ്മ പറഞ്ഞു. 20 വർഷം മുമ്പ് കല്യാണം കഴിഞ്ഞ് ഭർത്താവ് പ്രേമനൊപ്പം താമസമാക്കിയതാണ് ഈ വീട്ടിൽ. ഇരുകാലിനും തകരാറുണ്ടായിരുന്ന പ്രേമൻ അർബുദത്തെത്തുടർന്ന് അഞ്ചുവർഷം മുമ്പാണ് മരിച്ചത്. ശാരീരികവെല്ലുവിളികൾ ഉണ്ടായിരുന്നതിനാൽതന്നെ ഭർത്താവിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല.

അതിനാൽ സുഭദ്ര വീടുകളിലും കല്യാണമണ്ഡപങ്ങളിലും ജോലിക്ക് പോയുണ്ടാക്കിയ പണംകൊണ്ടാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇപ്പോഴും ആവുംവിധം ജോലിക്കു പോകുന്നുണ്ടെങ്കിലും ആറുവർഷം മുമ്പ് ഹൃദയത്തിന് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആരോഗ്യസ്ഥിതി മോശമാണ്. മക്കളില്ലാത്ത സുഭദ്രക്ക് കൂട്ടുള്ളത് രണ്ട് നായ്ക്കൾ മാത്രം.

വർഷങ്ങൾക്കുമുമ്പ് വീട് അറ്റകുറ്റപ്പണിക്ക് നാല് ലക്ഷം രൂപ പാസായിരുന്നു. ഫണ്ട് ലഭിക്കാൻ രണ്ടാമതൊരാളുടെ പേരുകൂടി അധികൃതർ ആവശ്യപ്പെട്ടതിനാൽ സഹോദരന്‍റെ മകന്‍റെ പേരുകൂടി നൽകിയെങ്കിലും അവർക്ക് ആധാർ കാർഡ് ഇല്ലാത്തതിനാൽ അപേക്ഷ തള്ളിപ്പോവുകയും ഫണ്ട് ലാപ്സാകുകയും ചെയ്തു.

സാങ്കേതിക തടസ്സങ്ങൾ മൂലമാണ് സുഭദ്രക്ക് വീടൊരുങ്ങാൻ സമയമെടുക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ നിലവിൽ വന്ന കരട് പട്ടികയിൽ സുഭദ്രയുടെ പേരുമുണ്ടെന്ന് വാർഡ് അംഗം അനൂപ് പറഞ്ഞു. എന്നാൽ, സുരക്ഷയുള്ള ഒരു വീട് സ്വന്തമാകുവാൻ ഇനിയും വൈകുമോ എന്ന വേവലാതിയിലാണ് സുഭദ്രമ്മയിപ്പോഴും.

Tags:    
News Summary - Subhadramma needs a closed house to live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.