തിരൂർ: കോഴിക്കോട്ടുനിന്ന് തിരൂർ വഴി തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കുമെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ഉറപ്പ് മാസങ്ങൾ പിന്നിട്ടിട്ടും നടപ്പായില്ല. ഇതോടെ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദവും കെ.എസ്.ആർ.ടി.സിക്ക് ലാഭകരവുമാവുമെന്ന് പ്രതീക്ഷിക്കുന്ന തിരൂർ വഴി തൃശൂരിലേക്കുള്ള ബസ് സർവിസാണ് ആരംഭിക്കാനാവാത്തത്.
കഴിഞ്ഞ ഒക്ടോബർ 24നാണ് ഈ വിഷയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി ചർച്ച നടത്തുകയും തുടർന്ന് ഒരാഴ്ചക്കകം പുതിയ സർവിസ് ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തത്.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും മന്ത്രിയുടെ ഉറപ്പ് നടപ്പാക്കാൻ അധികൃതർക്കായിട്ടില്ല. താനൂർ, പരപ്പനങ്ങാടി, തിരൂർ ഭാഗത്തുനിന്ന് നേരിട്ട് തൃശൂർ ഭാഗത്തേക്ക് ഒരു ബസ് സർവിസ് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്കോ ജില്ലയിലെ ജനപ്രതിനിധികൾക്കോ സാധിച്ചിട്ടില്ല.
ജനപ്രതിനിധികൾക്കും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കും നിവേദനം കൊടുത്ത് മടുത്തിരിക്കുകയാണ് ഇവിടത്തെ യാത്രക്കാരുടെ കൂട്ടായ്മകൾ.
ദേശീയപാത വഴി കോഴിക്കോട് - തൃശൂർ റൂട്ടിൽ പുതിയതും റീഷെഡ്യൂൾ ചെയ്തതുമായ ഒട്ടറേ സർവിസുകൾ ആരംഭിക്കുമ്പോഴും തിരൂരുകാരോട് പൊതു ഗതഗാത വകുപ്പ് അവഗണന തുടരുകയാണ്.
മുമ്പ് തിരൂർ വഴി ഉണ്ടായിരുന്ന ചേർത്തല ഡിപ്പോയുടെ വയനാട് സർവിസുകൾ ഈ മാസം ഒന്നു മുതൽ കോഴിക്കോട് വരെയാണ് സർവിസ് നടത്തുന്നത്. ഈ ബസുകൾ ഗുരുവായൂർ - തിരൂർ വഴിയാണ് വയനാട് വരെ പോയിരുന്നതെങ്കിലും അവിടെ നിന്ന് തിരിച്ച് അരീക്കോട് - പെരിന്തൽമണ്ണ വഴിയാണ് ചേർത്തലയിലേക്ക് പോയിരുന്നത്.
എന്നാൽ, ഈ സർവിസുകൾ കോഴിക്കോട് വരെയാക്കി ചുരുക്കിയപ്പോൾ രണ്ട് ബസുകളും തിരികെ പോകുന്നതും തിരൂർ, പൊന്നാനി, ഗുരുവായൂർ വഴി തന്നെയാണ്. ഈ ബസുകൾ കോഴിക്കോട് - തിരൂർ - തൃശൂർ - ചേർത്തലയായി ഓടിക്കാമെന്നിരിക്കെ മറ്റു ബസുകൾ സർവിസ് നടത്തുന്ന ഗുരുവായൂർ വഴി തന്നെ ഓടിക്കുന്നതിൽ കടുത്ത അതൃപ്തിയാണ് യാത്രക്കാർക്കുള്ളത്.
ഈ ബസുകൾ കോഴിക്കോട്ടുനിന്ന് ചാലിയം - കടലുണ്ടിക്കടവ് - പരപ്പനങ്ങാടി - താനൂർ - തിരൂർ - തിരുനാവായ - കുറ്റിപ്പുറം - എടപ്പാൾ - തൃശൂർ വഴി സർവിസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ പരപ്പനങ്ങാടി, താനൂർ, തിരൂർ ഭാഗങ്ങളിൽനിന്ന് എടപ്പാൾ, കുന്നംകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് എത്താൻ കൂടുതൽ പണവും സമയവും ചെലവഴിച്ച് രണ്ടും മൂന്നും ബസുകൾ മാറിക്കയറി പോകണം.
കൂടാതെ, തിരൂരിൽനിന്ന് കുറ്റിപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസില്ല. ഇതിൽ വൈകീട്ട് നാലിന് ചേർത്തലയിൽനിന്ന് പുറപ്പെട്ട് മാനന്തവാടി വരെ പോയിരുന്ന ബസ് രാത്രി 11ഓടെയാണ് കോഴിക്കോടെത്തുന്നത്. പിറ്റേന്ന് പുലർച്ചയാണ് ഈ ബസ് ചേർത്തലയിലേക്ക് തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ സർവിസിന്‍റെ തിരികെയുള്ള യാത്ര രാവിലെ കോഴിക്കോട്ടുനിന്ന് തിരൂർ - ഗുരുവായൂർ വഴി പുലർച്ച അഞ്ചിന് പുറപ്പെടുന്ന വൈറ്റില ഫാസ്റ്റ് പാസഞ്ചറിന്‍റെ 30 മിനിറ്റ് പിന്നിൽ പുറപ്പെടുന്ന രീതിയിലായിരുന്നു. എറണാകുളം വൈറ്റില വരെ ഒരേ റൂട്ടിലൂടെയാണ് രണ്ട് ബസും സർവിസ് നടത്തുന്നത്. ഈ സർവിസെങ്കിലും തിരൂർ - തൃശൂർ വഴി ഓടിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.