തിരൂർ: വനിത കമീഷന് മുന്നിലെത്തുന്ന പരാതികളില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളാൻ ജില്ലകളില്‍ മാസംതോറും രണ്ട് അദാലത്ത് വീതം സംഘടിപ്പിക്കുമെന്ന് വനിത കമീഷന് അംഗം ഇ.എം. രാധ. തിരൂര്‍ ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തില്‍ നടന്ന കമീഷന് മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇത് നടപ്പാക്കും. നിലവില്‍ മാസത്തില്‍ ഒരുതവണ മാത്രമാണ് അദാലത്ത്. ഇത് കേസ് നടപടി വൈകിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് രണ്ട് അദാലത്ത് വീതം നടത്താന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.
കുടുംബ പ്രശ്നങ്ങളാണ് കൂടുതലായും കമീഷന് മുന്നിലെത്തുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഇതില്‍ ഏറെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളാണെന്നതാണ് വസ്തുത. ഇത്തരം പരാതികളില്‍ വിവാഹ മോചനം നേടുന്നതോടൊപ്പം അവര്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കാനുള്ള ആവശ്യവും പെണ്‍കുട്ടികള്‍ ഉന്നയിക്കുന്നുണ്ട്. മുന്‍ കാലത്തില്‍നിന്ന് വിഭിന്നമായി രക്ഷിതാക്കളുടെ ഭാഗത്തുനിന്നും കാര്യമായ പിന്തുണ പെണ്‍കുട്ടികള്‍ക്ക് ഇക്കാലത്ത് ലഭിക്കുന്നതായാണ് മനസ്സിലാകുന്നതെന്നും അവര്‍ പറഞ്ഞു.
തിരൂര്‍ ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തില്‍ നടന്ന അദാലത്തില്‍ 70 പരാതികളാണ് കമീഷന് പരിഗണിച്ചത്. ഇതില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. 41 പരാതികള്‍ അടുത്ത അദാലത്തിലേക്കായി മാറ്റിവെച്ചു. അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. ബീന കരുവാത്ത്, കൗണ്‍സലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.