തിരൂർ: തിരൂർ ജില്ല ആശുപത്രിയിൽ നിലവിലെ ഫാർമസി കെട്ടിടം കാന്റീൻ ആക്കി മാറ്റാൻ നീക്കം. പഴയ രക്തബാങ്കിന് താഴെയുള്ള കെട്ടിടത്തിലേക്ക് ഫാർമസി മാറ്റാനാണ് ശ്രമം. സൗകര്യമില്ലാത്ത പഴയ കെട്ടിടമാണിത്. ഇതിലേക്കാണ് സാധരണക്കാർ ഉൾപ്പെടെ ഏറെ ആശ്രയിക്കുന്ന ഫാർമസി മാറ്റാൻ നീക്കം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ല ആശുപത്രി അധികൃതരുടെ യോഗത്തിൽ ഇതിന് തീരുമാനമായിട്ടുണ്ട്. ജില്ല ആശുപത്രിയിലെ എച്ച്.എം.സിയും ഫാർമസി മാറ്റാനുള്ള തീരുമാനത്തിനൊപ്പമാണ്. ജില്ല ആശുപത്രി പ്രവേശന കവാടത്തിന് സമീപമാണ് നിലവിൽ ഫാർമസി പ്രവർത്തിക്കുന്നത്. ജില്ല ആശുപത്രികളിലെ ഫാർമസിയുടെ സൗകര്യമില്ലെങ്കിലും നിലവിലുള്ള ഫാർമസി നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ഈ ഫാർമസിയാണ് കാന്റീനുവേണ്ടി സൗകര്യമില്ലാത്ത കെട്ടിടത്തിലേക്ക് മാറ്റുന്നത്.
നിലവിൽ ജില്ല ആശുപത്രിയിൽ കാന്റീൻ പ്രവർത്തിക്കുന്നില്ല. നേരത്തെ ഉണ്ടായിരുന്ന കാന്റീൻ ഒരു വർഷം മുമ്പ് വൃത്തിയില്ലായ്മ മൂലവും ലൈസൻസില്ലാതെയും പ്രവർത്തിച്ചതിനെ തുടർന്ന് തിരൂർ നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയിരുന്നു.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു നടപടി. തുടർന്ന് ആശുപത്രിക്ക് മുന്നിലെ ഹോട്ടലുമായി സഹകരിച്ച് ബദൽ സംവിധാനം ഒരുക്കുകയായിരുന്നു.
കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിന് പകരം സൗകര്യം കുറഞ്ഞ കെട്ടിടത്തിലേക്ക് ഫാർമസി മാറ്റുന്നത് രോഗികൾ ഉൾപ്പെടെയുള്ളവരെ പ്രയാസത്തിലാക്കും.
അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.