തിരൂർ: തിരൂർ കോർട്ട് റോഡിലെ ഗതാഗത പരിഷ്കാരത്തെത്തുടർന്ന് ബസ് തൊഴിലാളികൾ തിങ്കളാഴ്ച മിന്നൽ പണിമുടക്ക് നടത്തി. മൂന്നുമണിക്കൂർ നീണ്ട ബസ് ഉടമകളുടെയും തൊഴിലാളികളുടെയും മിന്നൽ പണിമുടക്കിനെ തുടർന്ന് ജനം വലഞ്ഞു. ഇതേത്തുടർന്ന് മണിക്കൂറുകളോളം തിരൂർ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി.
തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുമായി ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയും ഉടമകളും നടത്തിയ ചർച്ചയെ തുടർന്നാണ് തൽക്കാലത്തേക്ക് ബസ് സമരം പിൻവലിച്ചത്. തിരൂർ എം.എൽ.എയുടെ അധ്യക്ഷതയിൽ ഈ മാസം 24ന് യോഗം വിളിച്ചുചേർക്കാനും തീരുമാനമായി. 24ന് ചേരുന്ന യോഗത്തിലും വൺവേ നിലനിർത്താനാണ് തീരുമാനമെങ്കിൽ 25 മുതൽ അനിശ്ചിതകാല ബസ് സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
തിരൂർ കോർട്ട് റോഡിലെ വൺവേ സമ്പ്രദായം ഞായറാഴ്ച മുതൽ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളും തൊഴിലാളികളും തിരൂരിൽ ബസ് പണിമുടക്ക് നടത്തിയത്. ബസ് ഉടമകളുമായോ തൊഴിലാളികളുമായോ ചർച്ച നടത്താതെ ഏകപക്ഷീയമായാണ് കോർട്ട് റോഡിലെ വൺവേ സമ്പ്രദായം അവസാനിപ്പിച്ചതെന്ന് ബസ് ഉടമകളും തൊഴിലാളികളും ആരോപിച്ചു.
രാവിലെ 11.30ഓടെ തിരൂരിൽനിന്ന് പുറപ്പെടുന്ന ബസുകൾ സർവിസ് നിർത്തി സമരം ആരംഭിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമായി തൊഴിലാളികളും ഉടമകളും നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. സമരം നീണ്ടതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. പരീക്ഷക്കുള്ള വിദ്യാർഥികളടക്കം പെരുവഴിയിലായതോടെ പൊലീസ് ബസുകൾ പിടിച്ചെടുത്ത് മൂന്ന് സർവിസ് നടത്തി. പറവണ്ണ, കൂട്ടായി, തിരുനാവായ എന്നിവിടങ്ങളിലേക്കാണ് പൊലീസുകാർ ബസ് ഓടിച്ചത്.
കെ.എസ്.ആർ.ടി.സിയും ഹ്രസ്വദൂര സർവിസ് നടത്തി. വൈകീട്ട് അഞ്ചിന് ഡിവൈ.എസ്.പി ഓഫിസിൽ ബസ് തൊഴിലാളി നേതാക്കളുമായി ചർച്ച നടത്താമെന്ന ഉറപ്പിൽ മൂന്ന് മണിക്കൂർ നീണ്ട മിന്നൽ സമരം പിൻവലിക്കുകയായിരുന്നു. തിരൂർ സി.ഐ എം.ജെ. ജിജോ, ബസ് ഉടമകളായ പി.കെ. മൂസ, മൈബ്രദർ മജീദ്, ലത്തീഫ്, ട്രേഡ് യൂനിയൻ നേതാക്കളായ ജാഫർ ഉണ്യാൽ, മൂസ പരന്നേക്കാട്, റാഫി തിരൂർ, റാഫി, സിയാദ്, ആസിഫ്, ഷൈജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അതേസമയം, ബസ് സമരം അനാവശ്യമായിരുന്നെന്ന് ഡി.വൈ.എസ്.പി വി.വി. ബെന്നി പറഞ്ഞു. ട്രാഫിക് പരിഷ്കാരത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുന്ന പക്ഷം വൺവേ നിലനിർത്തുമെന്ന് പറഞ്ഞിട്ടും യാത്രക്കാരെ വെല്ലുവിളിക്കുകയാണ് ബസ് തൊഴിലാളികൾ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.