തിരൂർ: തിരൂർ തുഞ്ചന്‍ ഉത്സവത്തിന് ഫെബ്രുവരി 16ന് തിരിതെളിയും. രാവിലെ 10ന് പ്രശസ്ത തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന് ഉദ്ഘാടനം ചെയ്യും. നാല് ദിവസമായി നടക്കുന്ന ഉത്സവം 19ന് സമാപിക്കും. ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനം 16നും കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ‘ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ശതാബ്ദി’ സെമിനാര്‍ 17നും മലയാള നോവലിന്റെ വികാസം സെമിനാര്‍ 18നും തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കേന്ദ്ര സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന ‘കാവ്യപാരമ്പര്യവും ആഖ്യാനതന്ത്രങ്ങളും’ ദേശീയ സെമിനാര്‍ 19നും നടക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാലുദിവസങ്ങളിലായി അരങ്ങേറും.
ഉദ്ഘാടന ചടങ്ങിൽ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ അധ്യക്ഷനാകും. തുഞ്ചൻ സ്മാരക പ്രഭാഷണം ബാലചന്ദ്രൻ ചുള്ളിക്കാട് നിർവഹിക്കും. തുടർന്ന് കവി സമ്മേളനം നടക്കും. വൈകീട്ട് ആറിന് തുഞ്ചൻ കലോൽസവം കവി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് അപർണ രാജീവിന്റെ ഹൃദയഗീതങ്ങൾ അരങ്ങേറും.
17ന് രാവിലെ 10ന് സെമിനാർ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്യും. മിനി പ്രസാദ് വീരാൻ കുട്ടി, ഷംസാദ് ഹുസൈൻ, ഡി. അനിൽകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകീട്ട് 5.30ന് കാളിദാസ് എടക്കുളത്തിന്റെ സംഗീതകച്ചേരിയും ഏഴിന് ശശികല നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന പൂതപ്പാട്ടും നടക്കും. 18ന് രാവിലെ എട്ടിന് എഴുത്താണി എഴുന്നള്ളിപ്പ് നടക്കും.
രാവിലെ 10ന് മലയാള നോവലിന്റെ വികാസം എന്ന സെമിനാറിൽ പി.കെ. രാജശേഖരൻ അധ്യക്ഷനാകും. വൈകീട്ട് 4.30ന് അക്ഷരശ്ലോകം അവതരിപ്പിക്കും. 6.30ന് ലീലാ സാംസണിന്റെ ഭരതനാട്യം അരങ്ങേറും. 19ന് ദേശീയ സെമിനാർ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രഭാവർമ അധ്യക്ഷനാകും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ വേട്ട നാടകം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.