തിരൂർ: ലോക വനിത ദിനത്തോടനുബന്ധിച്ച് വനിത ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സറീന ഹസീബിെൻറ നേതൃത്വത്തിൽ പുളിക്കൽ പഞ്ചായത്തിലെ വനിത ലീഗ് പ്രവർത്തകർ 'സ്നേഹയാത്ര' നടത്തി.
രാവിലെ ഒമ്പതിന് കൊണ്ടോട്ടി പുളിക്കലിൽനിന്ന് ആരംഭിച്ച യാത്രയിൽ 'പെണ്ണൊരുമ' സംസ്ഥാന അവാർഡ് ജേതാവ് യാസ്മിൻ അരിമ്പ്രയുടെ തെന്നലയിലുള്ള ബ്ലൂംസ് സ്പെഷൽ സ്കൂൾ സന്ദർശിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അമ്പതോളം വനിതകളാണ് സ്നേഹയാത്ര സംഘത്തിലുണ്ടായിരുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്നേഹ വിരുന്നായി ഉച്ചഭക്ഷണം വിളമ്പിയ വനിത ലീഗ് പ്രവർത്തകർ പാട്ടും കളിയുമായി ഉച്ചവരെ കുട്ടികൾക്കും അമ്മമാർക്കുമൊപ്പം ചെലവഴിച്ചു. മോട്ടിവേഷനൽ ട്രെയിനറും ഗായകനുമായ ലുഖ്മാൻ അരീക്കോട് ക്ലാസെടുത്തു.
അവാർഡ് ജേതാവും ബ്ലൂംസ് സ്കൂൾ മേധാവിയും ജില്ല പഞ്ചായത്ത് അംഗവുമായ യാസ്മിൻ അരിമ്പ്രയെ സറീന ഹസീബ് ഫലകം നൽകി ആദരിച്ചു.
തുടർന്ന് തിരൂർ തുഞ്ചൻപറമ്പും നൂർലേക്കും സന്ദർശിച്ച ശേഷം വൈകീട്ട് ഏഴോടെ തിരുനാവായ നിള നദിക്കരയിൽ സമാപിച്ചു. നൂർലേക്കിൽ നടന്ന സൗഹൃദ സ്വീകരണം സി. മമ്മുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, കെ.കെ. ഫൈസൽ, അഷ്റഫ് കള്ളാടിയിൽ, എം. സുബൈദ, ആയിഷ ടീച്ചർ, ചുണ്ടത്തിൽ കദീജ, നജീബാനു, സാജിത എന്നിവർ സംസാരിച്ചു.
തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൊട്ടാരത്ത് സുഹറാബിയോടൊപ്പം മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ച സംഘം നിള നദിയിലൂടെ ത്രിമൂർത്തി സംഗമസ്ഥാനത്തേക്ക് ജലയാത്രയും നടത്തി.
പാറലകത്ത് യാഹുട്ടി, സകരിയ പല്ലാർ, സി.വി. ജാഫറലി ജലയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.