മലപ്പുറം: പെരുന്നാൾ വിപണിയിൽ കുളിരായി മഴയെത്തിയപ്പോൾ പച്ചക്കറി വിപണിയിൽ ‘പൊള്ളുന്ന’ വിലകയറ്റം. രണ്ട് ദിവസം മുമ്പ് വരെ 40 രൂപയായിരുന്ന തക്കാളി റോക്കറ്റ് വേഗത്തിൽ കുതിച്ച് ഇരട്ടി വിലയിലെത്തി. ചൊവ്വാഴ്ച ഒരു കിലോ തക്കാളിക്ക് 80 രൂപയാണ് ചില്ലറ വിപണിയിലെ വില. ചെറിയ പെരുന്നാളിന് കിലോക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് രണ്ട് മാസത്തിനിടെ മാത്രം 60 രൂപയാണ് കൂടിയത്. തമിഴ്നാട്ടിലും കർണാടകയിലും പച്ചക്കറി ഉൽപാദനം കുറഞ്ഞതും പെരുന്നാൾ വിപണി സജീവമായതും കേരളത്തിൽ വിലവർധനക്ക് കാരണമായെന്നാണ് വിലയിരുത്തൽ.
തക്കാളിക്കൊപ്പം വിലയിൽ എരിവ് കൂട്ടി പച്ചമുളകും മുകളിലോട്ട് കുതിക്കുകയാണ്. രണ്ടാഴ്ച മുമ്പേ 80 രൂപയുണ്ടായിരുന്ന പച്ചമുളകിന് 140 രൂപയാണ് മലപ്പുറം നഗരത്തിലെ ശരാശരി വില. വെളുത്തുള്ളി നല്ലയിനം 120 ൽ നിന്ന് 160ലും ചെറിയുള്ളി 80ൽ നിന്ന് 100ലുമെത്തി. ഇഞ്ചിക്ക് 220 രൂപയും മല്ലിയിലക്ക് കിലോക്ക് 200 രൂപയുമായി. നേന്ത്രക്കായക്ക് 45 രൂപയിൽ നിന്ന് മിക്ക വിപണികളിലും 60 രൂപയായി വില ഉയർന്നിട്ടുണ്ട്. അതേസമയം സവാള, കിഴങ്ങ് തുടങ്ങിയവയുടെ വിലയിൽ കാര്യമായ മാറ്റമില്ല.
ഉപ്പേരിക്ക് ഉപയോഗിക്കുന്ന പച്ചക്കറികൾക്കും വിലയിൽ മാറ്റമില്ല. സവാളക്ക് രണ്ട് ദിവസത്തിനിടെ അഞ്ച് രൂപ വർധിച്ച് 25 രൂപയിലാണ് ചില്ലറ വിൽപ്പന. കിഴങ്ങിന് കിലോക്ക് 30 രൂപക്കാണ് ചില്ലറ വിൽപ്പന.
കോഴിമുട്ടക്കും വില ഉയർന്നിട്ടുണ്ട്. രണ്ടാഴ്ചവരെ 5.50 രൂപയായിരുന്ന ഒരു കോഴിമുട്ടക്ക് നിലവിൽ 6.50 രൂപയാണ് ജില്ലയിലെ ശരാശരി വില. പച്ചക്കറി വില വർധന കച്ചവടത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ സാധനം വാങ്ങുന്നതിന്റെ അളവ് കുറയുന്നുണ്ടെന്നും മലപ്പുറം കോട്ടപ്പടി മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.