തിരൂരങ്ങാടി: തീപാറുന്ന കാറിൽ കറങ്ങിയ യുവാവിന് ഉദ്യോഗസ്ഥരുടെ മുന്നിൽപെട്ടപ്പോൾ 'കിളിപാറി'. അനധികൃത രൂപമാറ്റത്തിന് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയത് 44,250 രൂപ. പിഴക്ക് പുറമെ ഏഴ് ദിവസത്തിനുള്ളിൽ വാഹനം യഥാർഥ രൂപത്തിലാക്കി പരിശോധനക്ക് ഹാജരാക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ നടപടികളിലേക്ക് കടക്കുമെന്ന താക്കീതും നൽകി.
മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്ന് തീ വരുന്ന രീതിയിൽ മാറ്റം വരുത്തിയ നിലയിലായിരുന്നു വാഹനം. റോഡിൽ സർവിസ് നടത്തുന്നതും ഇതിൽ നിന്ന് വരുന്ന തീ ഉപയോഗിച്ച് വിറക്, പേപ്പർ എന്നിവ കത്തിക്കുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. വാഹനത്തിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങൾ, തീവ്രത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും അനധികൃതമായി ഘടിപ്പിച്ച നിലയിലാണ്. ടയർ, സൈലൻസർ, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ കെ.എം. അസൈനാർ, എ.എം.വിഐമാരായ പി. ബോണി, വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.