മാറഞ്ചേരി: വടമുക്ക് -തുറുവാണം റോഡ് കം ബണ്ട് ജനകീയമായി ഉദ്ഘാടനം ചെയ്തു. റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമാണം നടത്താൻ അധികൃതർ തയാറാവാത്തതിനാൽ നാട്ടുകാർ പണം പിരിച്ച് റോഡ് നിർമിക്കുകയായിരുന്നു. ജനകീയ കൂട്ടായ്മയിൽ പൊതുജനങ്ങളിൽനിന്നും ഫണ്ട് സ്വരൂപിച്ച് കോൺക്രീറ്റിങ് പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം തുറുവാണത്ത് ലീല, ചേന്ദംകുളത്ത് കല്ലു എന്നീ അമ്മമാർ ചേർന്ന് നിർവഹിച്ചു.
2017-18ൽ 70 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ബണ്ട് പുനർനിർമാണത്തിന് വകയിരുത്തി പ്രവൃത്തി തുടങ്ങിയെങ്കിലും ബണ്ട് ചേറിലേക്ക് താഴ്ന്നു. ശാസ്ത്രീയ പഠനം നടത്താതെ തുടങ്ങിയ പ്രവൃത്തി കുറച്ചുദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാതെ അവസാനിപ്പിച്ചു. ചെളി ഉള്ളത് കാരണം നിർമ്മാണം സാധ്യമല്ലെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് തകർന്ന ഭാഗം പുനർനിർമിക്കാൻ അധികൃതർ തയാറായില്ല. ഇതിനിടെ ബ്രിഡ്ജ് നിർമാണത്തിനായി രണ്ട് തവണയായി 40 കോടി അനുവദിച്ചു ഉത്തരവായിരുന്നു. ഗതാഗതം ദുസ്സഹമായതോടെ പ്രദേശവാസികൾ പണം സമാഹരിച്ച് തകർന്ന 150 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നാട്ടുകാരിൽനിന്നും സമാഹരിച്ചാണ് കോൺക്രീറ്റിങ് നടത്തിയത്. പെരുമ്പടപ്പ് ബ്ലോക്ക് അംഗം നൂറുദ്ദീൻ പോഴത്ത്, വാർഡ് മെംബർമാരായ ടി. മാധവൻ, സംഗീത രാജൻ, ജനകീയ സമിതി അംഗങ്ങളായ കരിയംപറമ്പിൽ മാധവൻ, തുറുവാണത്ത് നിതേഷ്, തെക്കേക്കര ഉല്ലാസൻ, കെ.പി. മോഹനൻ, കെ. രാംകുമാർ (സന്ദീപ്) പി.വി. രവി, കെ.പി. ലിജിത്, പി.വി. സജിൽ, പി.വി. ദിലീപ്, കെ.പി. വേലായുധൻ, എം.പി. രാജൻ, മുസ്തഫ പാണം വളപ്പിൽ, റഷീദ് പോഴത്ത് തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.