താനൂർ: ‘അൺബോക്സ്’ ഹ്രസ്വസിനിമയിലൂടെ സ്കൂളിനും നാടിനും അഭിമാനമായി ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കൊച്ചുകലാകാരന്മാർ. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വസിനിമയിലൂടെ വലിയ സന്ദേശം കൈമാറിയ ദേവധാർ ഫിലിം ക്ലബിലെ വിദ്യാർഥികളുടെ കലാസൃഷ്ടിക്ക് ക്യു.എഫ്.എഫ്.കെ നടത്തിയ ഇന്റർനാഷനൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ വിഭാഗത്തിൽ സ്പെഷൽ ജൂറി പുരസ്കാരവും ലഭിച്ചു. നേരത്തെയും അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ആർത്തവ വിഷയത്തിൽ സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാട് തുറന്നുകാണിക്കുന്നതാണ് സിനിമ.
പട്ടികജാതി വകുപ്പും ഡയറ്റ് മലപ്പുറവും ചേർന്ന് നടത്തിയ ഹ്രസ്വസിനിമ മത്സരത്തിൽ മികച്ച തിരക്കഥ, മികച്ച സിനിമ എന്നിവക്കുള്ള പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
ഇംഗ്ലീഷ് അധ്യാപകൻ നൗഷാദിന്റെ ആശയത്തെ തിരക്കഥയാക്കി വികസിപ്പിച്ച കെ.കെ. സുസ്മിതയും സംവിധാനം നിർവഹിച്ച എം. സ്നിജയും ക്യാമറ കൈകാര്യം ചെയ്ത അഭിമന്യുവും തകർത്തഭിനയിച്ച അമൽകൃഷ്ണയും പവനയും സുരാജും തൃപയും മികച്ച സൃഷ്ടിക്ക് പിറകിൽ പ്രവർത്തിച്ചു.
അധ്യാപകരായ സിന്ധു, ജയ്ദീപ്, ഗണേശൻ, നൗഷാദ് എന്നിവരും അഭിനയിച്ച ‘അൺബോക്സി’ന് സമൂഹമാധ്യമങ്ങളിലും പ്രചാരം ലഭിച്ചു. കൊയിലാണ്ടിയിൽ നടന്ന ക്യു.എഫ്.എഫ്.കെ പുരസ്കാരദാന ചടങ്ങിൽ സംവിധായകൻ വിഷ്ണു ശശിശങ്കറിൽനിന്ന് പ്രധാനാധ്യാപിക പി. ബിന്ദു, അധ്യാപകൻ നൗഷാദ്, വിദ്യാർഥി സുരാജ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ലഹരിവിരുദ്ധ പ്രമേയവുമായി സ്കൂളിൽ നിർമിച്ച ‘സോറി’ ഹ്രസ്വ സിനിമയും ശ്രദ്ധേയമായിരുന്നു. ജുമാൻ ഷാമിൽ, മുഹമ്മദ് റിസാൽ, ഫൈജാസ് എന്നീ വിദ്യാർഥികളും അധ്യാപകരായ നൗഷാദ്, ദീപശ്രീ എന്നിവരുമാണ് ‘സോറി’യിൽ അഭിനയിച്ചത്. അധ്യാപകൻ റിയാസ് കളരിക്കലാണ് സംവിധാനം ചെയ്തത്. പിന്തുണയുമായി പ്രധാനാധ്യാപിക പി. ബിന്ദുവും സഹ അധ്യാപകരും രക്ഷാകർതൃ-അധ്യാപക
സംഘടനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.