ഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം. പഞ്ചായത്തിലെ ഓടക്കയം, ചുണ്ടത്തും പൊയിൽ വാർഡുകളിൽപെട്ട മരത്തോട്, കുന്താണിക്കാട്, വെണ്ടേക്കും പൊയിൽ കോളനി, കൊടുംപുഴ കോളനി, കൂട്ടപറമ്പ്, മാങ്കുളം മുകൾഭാഗം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് കാട്ടാനശല്യം രൂക്ഷമായി തുടരുന്നത്. നിലമ്പൂർ കാടുകളിൽനിന്ന് ഓടക്കയം പ്രദേശത്തേക്ക് കയറിയെത്തുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് മാസങ്ങളായി നാശം വിതക്കുന്നത്.
ഒരു മാസത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ രണ്ട് പേർക്ക് ജീവനും നഷ്ടമായി. സംഭവത്തിൽ പ്രദേശവാസികൾ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് വാഗ്ദാനം നൽകിയെങ്കിലും ഇേപ്പാഴും ആനശല്യം രൂക്ഷമാണ്. രാത്രിയിൽ കാടിറങ്ങിയെത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു. ഇവിടെ രാത്രിയിൽ കർഷകരും നാട്ടുകാരും കാട്ടാനയെ ഓടിക്കാൻ പതിവായി കാവൽ നിൽക്കുന്നുെണ്ടങ്കിലും തടയാൻ സാധിക്കുന്നില്ല. ഓടക്കയം ഭാഗത്ത് ഒരേസമയം 13 ആനകളെ വരെ ഒരുമിച്ചു കണ്ടിട്ടുണ്ടെന്ന് ഒന്നാം വാർഡ് അംഗം ടെസി സണ്ണി 'മാധ്യമ'ത്തോട് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ ഭാഗങ്ങളിൽ കാട്ടാനകൾ ഉണ്ടാക്കിയതെന്നും അംഗം പറഞ്ഞു. ആനയെ കാട് കയറ്റാൻ പ്രദേശവാസികൾ പലരൂപത്തിൽ ശ്രമം നടത്തുന്നുണ്ടെങ്കിലും കാട്ടാനകൾ തിരിച്ച് പ്രതികരിക്കാൻ തുടങ്ങിയതോടെ ഈ ശ്രമങ്ങളും പരാജയപ്പെട്ടു.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിലമ്പൂർ ഡി.എഫ്.ഒയുടെ മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു.
ഡി.എഫ്.ഒ അടിയന്തര നടപടി സ്വീകരിച്ച് പ്രദേശത്തേക്ക് വന്യമൃഗങ്ങൾ വരാതിരിക്കാൻ ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സൗരോർജ വേലികൾ നിർമിച്ചിട്ട് കാര്യമില്ലെന്നും അത് ആനകൾ തകർക്കുമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.