വളാഞ്ചേരി: വാർഡ് വിഭജനത്തിനായി വികസിപ്പിച്ച ക്യു ഫീൽഡ് ആപ്പ് തദ്ദേശ സ്ഥാപന ജീവനക്കാരെ ആപ്പിലാക്കുന്നതായി പരാതി ഉയരുന്നു. അടുത്ത വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാർഡ് വിഭജനം മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ക്യു ഫീൽഡ് ആപ്പ് കൂടി ഉപയോഗിച്ചാണ് നടക്കുന്നത്. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഈ ആപ്പ് ഉപയോഗിച്ച് ഓരോ അതിർത്തിയും രേഖപ്പെടുത്തി വേണം വിഭജനം പൂർത്തീകരിക്കേണ്ടത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്ന് മുതൽ അഞ്ച് വരെ വാർഡുകൾ വർധിക്കുന്നുണ്ട്.
ഈ വർധന ഫീൽഡ് തലത്തിൽ പരിശോധിച്ച് കൃത്യമാക്കി വേണം വാർഡ് വിഭജിക്കേണ്ടത്. ഈ പ്രക്രിയകൾക്കായി ജീവനക്കാർക്ക് കുറഞ്ഞ സമയമാണ് നൽകിയിട്ടുള്ളത്. ഒക്ടോബർ 21 ന് മുമ്പായി പൂർത്തിയാക്കണമെന്നാണ് നിർദേശം. സെക്രട്ടറി ഉൾപ്പെടെ ജീവനക്കാർ ഫീൽഡിലിറങ്ങുന്നത് ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
പല സ്ഥലത്തും ഇതിനകം കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമേ ജീവനക്കാർക്ക് സന്ദർശിക്കാനായിട്ടുള്ളൂ. വാർഡുകളുടെ അതിർത്തികളായി കുന്നുകളും മലയും, തോടുകളും ചോലകളും ഒക്കെ വരുന്നുണ്ട്. ഫീൽഡിലെത്തിയാണ് ആപ്പ് വഴി അതിർത്തി വരക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത്.
സെർവർ തകരാർ ഈ പ്രവർത്തനങ്ങളുടെ വേഗത കുറക്കുന്നു. ഗ്രാമീണ മേഖലയിലെ ചില ഭാഗങ്ങളിൽ നെറ്റ് വർക്ക് പ്രശ്നവും ഉണ്ടാകുന്നതായി ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.