മലപ്പുറം: ജില്ല പഞ്ചായത്തിന് കീഴിൽ വളവന്നൂരിൽ പ്രവർത്തിക്കുന്ന ജില്ല ആയുർവേദ ആശുപത്രിയിൽ വയോജനങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച പുതിയ ജെറിയാട്രിക് ബ്ലോക്ക് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ജെറിയാട്രിക് ബ്ലോക്ക് നിർമിച്ചത്. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന പദ്ധതികളുടെ ഭാഗമായി സമർപ്പിക്കുന്ന 100 കോടി രൂപയുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ച പുതിയ ജറിയാട്രിക് ബ്ലോക്ക് നാടിന് സമർപ്പിക്കുന്നത്.
60 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്കായി മാത്രം 10 സ്പെഷാലിറ്റി ബെഡുകളും പ്രത്യേകം തെറപ്പിസ്റ്റുകളും കെയർ ടേക്കറും അടങ്ങുന്നതാണ് പുതിയ ബ്ലോക്ക്.
ഇതിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി അഞ്ച് ബെഡുകൾ വീതമുള്ള പ്രത്യേക വാർഡുകളാണ് സജ്ജീകരിച്ചത്. വയോജനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ് ത അഡ്ജസ്റ്റബിൾ ബെഡുകളാണിത്.
ജില്ലയെ സമ്പൂർണ വയോ സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനങ്ങൾക്ക് മികച്ച ആയുർവേദ ചികിത്സ നൽകാനായി പ്രത്യേക ബ്ലോക്ക് തന്നെ സജ്ജമാക്കിയത്. വാർധക്യ അസുഖങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, വാത സംബന്ധമായ പ്രയാസങ്ങൾ തുടങ്ങി വയോജനങ്ങളെ ബാധിക്കുന്ന എല്ലാതരം അസുഖങ്ങൾക്കും മികച്ച ആയുർവേദ ചികിത്സ പുതിയ ജറിയാട്രിക് ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി പ്രാക്കുന്ന്, മൂർക്കത് ഹംസ മാസ്റ്റർ, എ.പി. സബാഹ്, വി.കെ.എം. ഷാഫി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ആശ, ഡോ. കബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.