വണ്ടൂർ: തിരുവാലിയിൽ സംഘടിപ്പിച്ച കലാസന്ധ്യയായ 'തിര 2K22' രണ്ടാം ദിനത്തിൽ കാണികളായി എത്തിയത് ആയിരങ്ങൾ. പ്രതികൂല കാലാവസ്ഥയിലും തിരയെ ഏറ്റെടുത്ത് നാട്. അയ്യായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിലാണ് മെഹ്ഫിലിന്റെ സൂഫി സോൾ മ്യൂസിക്കും ബാദുഷയുടെയും സൽമാന്റെയും മ്യൂസിക് ഇവന്റും അരങ്ങേറിയത്. തെയ്യം, തിറ തുടങ്ങിയ ക്ഷേത്ര കലാരൂപങ്ങളും വേറിട്ട കാഴ്ചയായി.
തിരുവാലിയിലെ ഒരുകൂട്ടം യുവാക്കളാണ് തിര സംഘാടകർ. ആദ്യദിനം നാടൻപാട്ട് കലാകാരൻ അതുൽ നറുകരയും സംഘവും വേദിയിൽ നിറഞ്ഞാടി. കലാകാരന്മാർ ഏറെയുള്ള തിരുവാലിയിൽ കോവിഡിനുമുമ്പ് വർഷംതോറും നടത്തിവന്നിരുന്ന നാട്ടാഘോഷമായ തിരുവാലി ഫെസ്റ്റിനെ തിരികെ കൊണ്ടുവരുന്നതിന്റെ കൂടി ഭാഗമായാണ് 'തിര' സംഘടിപ്പിച്ചത്. രണ്ടു സായാഹ്നങ്ങൾ കുടുംബസമേതം ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരമൊരുക്കുകയായിരുന്നു ലക്ഷ്യമെന്ന് സംഘാടകരിലൊരാളായ ടി. സജീവൻ പറഞ്ഞു. തിരുവാലി അങ്ങാടിക്കു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മനോഹരമായ വേദി തയാറാക്കിയത്. സൗജന്യമായായിരുന്നു പ്രവേശനം.
എക്സിബിഷനുകൾ, ഫുഡ് കോർട്ട് തുടങ്ങിയവയും ഒരുക്കി. കലാസന്ധ്യ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി, വൈസ് പ്രസിഡന്റ് മന്നിയിൽ സജ്ന തുടങ്ങിയവർ സംബന്ധിച്ചു. കോവിഡിനുശേഷം എത്തിയ കലാമേള ജനങ്ങൾ കുടുംബസമേതമെത്തി ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.