രാഹുലിന് 68,684 വോട്ട് ഭൂരിപക്ഷം! വണ്ടറടിപ്പിച്ച് വണ്ടൂർ; അരലക്ഷത്തി​ന്റെ ഏഴഴകിൽ മലപ്പുറം...

കോഴിക്കോട്: ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ‘വലിയ’ പ്രകടനം കാഴ്ചവെച്ച നിയോജക മണ്ഡലമായി വണ്ടൂർ. വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വണ്ടൂർ നിയോജക മണ്ഡലം ഒറ്റക്ക് സമ്മാനിച്ചത് 68,684 വോട്ടിന്റെ ഭൂരിപക്ഷം! ഇക്കുറി കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽനിന്ന് ഒരു സ്ഥാനാർഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ലോക്സഭയിലേക്ക് ഇക്കുറി വയനാട് മണ്ഡലത്തിൽനിന്ന് 364,422 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷവുമായാണ് രാഹുൽ ജയിച്ചുകയറിയത്.

ഏതെങ്കിലുമൊരു സ്ഥാനാർഥിക്ക് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച ഏഴു നിയോജക മണ്ഡലങ്ങളാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. അവ ഏഴും മലപ്പുറം ജില്ലയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ഈ ഏഴു നിയോജക മണ്ഡലങ്ങളും മുസ്‍ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളാണു താനും.

വണ്ടൂർ നിയോജക മണ്ഡലത്തിൽനിന്ന് രാഹുൽഗാന്ധിക്ക് 112,310 വോട്ടു ലഭിച്ചപ്പോൾ ഇടതുമുന്നണിക്കുവേണ്ടി കളത്തിലിറങ്ങിയ സി.പി.ഐ നേതാവ് ആനി രാജക്ക് 43,626 വോട്ടുകളാണ് ലഭിച്ചത്. രാഹുലിന്റെ പടയോട്ടത്തെ പിടിച്ചുകെട്ടുമെന്ന് വീമ്പിളക്കിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മണ്ഡലത്തിൽനിന്ന് കിട്ടിയത് 13,608 വോട്ടുകൾ മാത്രം.

വയനാട് പാർലമെന്റ് മണ്ഡലത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിക്ക് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. മാനന്തവാടി (38,721), സുൽത്താൻ ബത്തേരി (43,981), കൽപറ്റ (49,657), തിരുവമ്പാടി (46,556), ഏറനാട് (57,743), നിലമ്പൂർ (56,363) എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം.

വണ്ടൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കണ്ട രണ്ടാമത്തെ നിയോജക മണ്ഡലം ഏറനാടാണ്. ഇതിനു തൊട്ടുപിന്നിലായി മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ വേങ്ങര നിയോജക മണ്ഡലമാണുള്ളത്. യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് വേങ്ങര നൽകിയത് 56,397 വോട്ടിന്റെ ഭൂരിപക്ഷം. രാഹുലിന് 56,363 വോട്ടിന്റെ ലീഡ് നൽകിയ നിലമ്പൂരാണ് നാലാം സ്ഥാനത്ത്.

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിക്ക് തിരൂരങ്ങാടി നിയോജക മണ്ഡലം സമ്മാനിച്ചത് 54,147 വോട്ടിന്റെ ഭൂരിപക്ഷം. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ മലപ്പുറം നിയോജക മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിന് 54,041 വോട്ടിന്റെ മുൻതൂക്കമുണ്ട്. പൊന്നാനിയിലെ തിരൂർ നിയോജക മണ്ഡലത്തിൽ സമദാനിക്ക് ലഭിച്ചത് 50,330 വോട്ടിന്റെ ഭൂരിപക്ഷമാണ്.

Tags:    
News Summary - Rahul Gandhi got 68,684 votes majority from Wandoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.