വണ്ടൂർ: കോവിഡ് കാലത്ത് ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പിെൻറ ഹോം ഡെലിവറി വിപണനം. വണ്ടൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി. ഷക്കീലയുടെ നേതൃത്വത്തിലാണ് കർഷകരുടെ ഉൽപന്നങ്ങൾ ജില്ലയിലുട നീളം വിൽപന നടത്തുന്നത്. ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകളുടെ കീഴിലുള്ള കർഷകരിൽനിന്ന് മാമ്പഴം, പൈനാപ്പിൾ, കപ്പ മുതലായവയാണ് ശേഖരിച്ച് ആവശ്യക്കാർക്ക് ഹോം ഡെലിവറിയായി എത്തിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൽ പാണ്ടിക്കാട് കൃഷി ഭവൻ വാട്സ്ആപ് കൂട്ടയ്മയിലൂടെ പൂയത്തി തൊടിക സുമയ്യയുടെ വീട്ടുമുറ്റത്തെ മാവിൽനിന്ന് ശേഖരിച്ച മാമ്പഴം അഞ്ചുകിലോ വീതം 250 രൂപയുടെ കിറ്റുകളാക്കി നൂറോളം ഗുണഭോക്താക്കൾക്ക് വീട്ടിൽ എത്തിച്ചുകൊടുത്തു.
ലോക്ഡൗൺ സമയത്ത് ഫോണിലൂടെ രജിസ്റ്റർ ചെയ്തവർക്കാണ് മാമ്പഴ കിറ്റ് വീട്ടിലെത്തിച്ചു നൽകിയത്. രാസവളമോ രാസ കീടനാശിനികളോ ഉപയോഗിക്കാത്ത മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ചുറ്റുവട്ടത്തെ ഫലവൃക്ഷങ്ങൾ കണ്ടെത്തി സുഭിക്ഷ കേരളം പദ്ധതിയുൾപ്പെടുത്തിയാണ് ഹോം ഡെലിവറി പുരോഗമിക്കുന്നത്. വിൽപന നടന്നാൽ സർക്കാർ നിശ്ചയിച്ച തറവിലയിൽ ചെലവ് കഴിഞ്ഞ് രണ്ടുരൂപ അധികം കർഷകന് ലഭിക്കും.
ബുധനാഴ്ച കാരാട് വടക്കുംപാടത്തേ സിജോയുടെ പൈനാപ്പിൾ തോട്ടത്തിൽ നിന്ന് 10 ടൺ ശേഖരിക്കാൻ തുടങ്ങി. മാമ്പഴത്തിനുപുറമേ 40 ടൺ പൈനാപ്പിളും 200 ടൺ കപ്പയും ഇത്തരത്തിൽ വിൽപന നടത്തും. 100 രൂപക്കാണ് അഞ്ച് കിലോ പൈനാപ്പിൾ വീട്ടിലെത്തുക. വരും ദിവസങ്ങളിൽ കപ്പയും ശേഖരിച്ചു തുടങ്ങും. ആവശ്യക്കാർ ഉണ്ടെങ്കിൽ തങ്ങളുടെ പഞ്ചായത്തിലെ കൃഷിഭവനുകളിൽ ബന്ധപ്പെട്ടാൽ ഉൽപന്നം വീട്ടിലെത്തും. മികച്ചയിനം പഴങ്ങൾ വീട്ടിലിരുന്ന് കഴിക്കുന്നതോടപ്പം മേഖലയിലേ കർഷകർക്ക് തങ്ങളുടെ കൃഷി തുടരുന്നതിനുള്ള പ്രോത്സാഹനം കൂടിയാകുമെന്നതാണ് സേവനത്തിെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.