വണ്ടൂർ: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയെത്തിയ തൊഴിൽ അഭിമുഖങ്ങളിൽ പലതവണ പങ്കെടുത്തിട്ടും നിയമന പട്ടികക്ക് പുറത്തിരിക്കേണ്ട ഗതികേടിലാണ് പോരൂർ പഞ്ചായത്തിലെ അയനിക്കോട് സ്വദേശിയായ മണ്ണൂർക്കര ഉണ്ണീൻകുട്ടി. വിവിധ തൊഴിൽ നിയമനങ്ങൾക്കായി ഇതിനകം ആറ് തവണ കൂടിക്കാഴ്ച നടത്തിയിട്ടും ജോലി ലഭിച്ചിട്ടില്ല. തെൻറ സങ്കടങ്ങൾ വിവരിച്ച് തൊഴിൽ മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ഭിന്നശേഷിക്കാരൻ കൂടിയായ ഇയാൾ.
ഒരു ഭിന്നശേഷിക്കാരന് എംപ്ലോയ്മെൻറ് ജോലിക്കായി വേണ്ട സർക്കാർ യോഗ്യതകൾ ഇദ്ദേഹത്തിനുണ്ട്. എന്നാൽ, എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാലും എന്നും അവഗണിക്കുകയാണെന്നാണ് പരാതി. 1993ലാണ് എംപ്ലോയ്മെൻറിൽ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇൻറർവ്യൂവിനായി കത്തുകൾ വരുന്നതനുസരിച്ച് പങ്കെടുത്ത് കാത്തിരിക്കും. എന്നാൽ, നിയമന പട്ടികയിൽ പേരുണ്ടാകില്ല.
2019ൽ 48ാമത്തെ വയസ്സിൽ കണ്ണൂർ ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിലേക്ക് ഇൻറർവ്യൂവിൽ പങ്കെടുത്തു. എന്നാൽ, ലഭിച്ചില്ല. തുടർന്ന് നിലമ്പൂരിൽ നടത്തിയ അദാലത്തിൽ ഉണ്ണീൻകുട്ടി പ്രയാസങ്ങളും പരാതികളും എല്ലാം കലക്ടറോട് പങ്കുവെച്ചു. ഇനി ഇൻറർവ്യൂ കാർഡ് വരുമ്പോൾ തന്നെ അറിയിക്കണം എന്നായിരുന്നു കലക്ടർ മറുപടി പറഞ്ഞത്.
2021 ഫെബ്രുവരി ഒമ്പതിന് വീണ്ടും എംപ്ലോയ്മെൻറ് വഴി ഇൻറർവ്യൂവിൽ പങ്കെടുക്കാൻ കാർഡ് എത്തി. കലക്ടറെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ, നിയമനം വന്നപ്പോൾ ഉണ്ണീൻ കുട്ടി പുറത്ത്. ഇതോടെ തൊഴിൽ മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.