വണ്ടൂർ: ഭവന നിർമാണത്തിന് മുന്‍ഗണന നൽകി 54 കോടി രൂപയുടെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ അവതരിപ്പിച്ചു. 53,95,27,747 രൂപ വരവും 52,58,50,800 രൂപ ചെലവും 1,37,01,947 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭൂരഹിത ഭവന രഹിതർക്കും ഭവന രഹിതർക്കും വീട് നിർമിക്കാൻ 14.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൃഷി, മൃഗ സംരക്ഷണം ഉള്‍പ്പെടെ ഒരു കോടി 18 ലക്ഷം രൂപയും കുടിവെള്ളം ശുചിത്വം എന്നിവക്ക് ഒരു കോടിയും ദാരിദ്ര്യ ലഘൂകരണത്തിന് അഞ്ചു കോടിയും പട്ടികജാതി ക്ഷേമ പ്രത്യേക പരിപാടികള്‍ക്ക് ഒരു കോടി 12 ലക്ഷവും വനിതകള്‍ക്ക് വേണ്ടി 40 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി 60 ലക്ഷം രൂപയും പ്രത്യേകം വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി. ജ്യോതി, ഇ. തസ്നിയാ ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ടി.പി. ജാഫർ, അസി. സെക്രട്ടറി എസ്. അമീന, അക്കൗണ്ടന്റ് പി. ജയന് എന്നിവർ പങ്കെടുത്തു.
കാളികാവ്: ഗ്രാമപഞ്ചായത്തിൽ 2024 -25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. പാർപ്പിടം, ഗതാഗതം, ശുചിത്വം, സാമൂഹിക ക്ഷേമം എന്നിവക്ക് ഊന്നൽ നൽകുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.
33.96 കോടി രൂപ വരവും 33.45 രൂപ കോടി ചെലവും പ്രതീക്ഷിക്കുന്നു. പാർപ്പിടത്തിന് 4,96,60,000 രൂപയും ഗതാഗതത്തിന് 3,38,50,600 രൂപയും ശുചിത്വത്തിന് 42,31,200 രൂപയും സാമൂഹിക ക്ഷേമത്തിന് 8,65,200 രൂപയും എന്ന തോതിലാണ് ഫണ്ട് വകയിരുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജി മോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അനൂപ്, എൻ. മൂസ, വി.പി.എ നാസർ, രമാ രാജൻ, ഇമ്പിച്ചി ബീവി, വാലയിൽ മജീദ്, സുഫിയാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.