വണ്ടൂർ: തെരഞ്ഞെടുപ്പ് ഏതായാലും മാതൃക വോട്ടുയന്ത്രങ്ങൾ പോരൂർ കോട്ടക്കുന്ന് സ്വദേശി ഇസ്ഹാഖ് പോരൂരും സംഘവും ഒരുക്കും, ഒറിജിലിനെ വെല്ലുന്ന രീതിയിൽ. വിപണിയിൽ മത്സരം വന്നതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പകുതി വിലയ്ക്കാണ് ഇപ്പോൾ മാതൃക യന്ത്രത്തിെൻറ വിൽപന.
ബാലറ്റ് പേപ്പർ വോട്ടിങ്ങിൽനിന്ന് മാറി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ ഇത്തരത്തിൽ മാതൃക വോട്ടുയന്ത്രങ്ങൾ ആദ്യമായി നിർമിച്ച് പുതിയ ആശയം മുന്നോട്ടുവെച്ചയാളാണ് പുലത്ത് ഇസ്ഹാഖ്. പിന്നീട് മാറി മാറി വന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും വരെ ഇവരെ തേടിയെത്തിയവർ നിരവധിയാണ്.
ഈ പ്രാവശ്യം കൂടുതൽ ഉറപ്പോടും വൃത്തിയോടും കൂടിയാണ് മാതൃക വോട്ടുയന്ത്രങ്ങൾ നിർമിക്കുന്നത്. സ്ഥാനാർഥി നിർണയം വൈകിയതുകൊണ്ട് ഓർഡർ ലഭിക്കാൻ താമസം വന്നു. തെരെഞ്ഞടുപ്പിെൻറ അവസാനഘട്ട പ്രചാരണത്തിലാണ് മാതൃക വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കുന്നത്. പ്രധാനമായും പുതിയ വോട്ടർമാരെ വോട്ടിങ് രീതി പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിൽനിന്നും ഇവർക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓർഡർ സ്വീകരിക്കുന്നു.
യഥാർഥ വോട്ടുയന്ത്രത്തിന് സമാനമായി സ്ഥാനാർഥിയുടെ ക്രമനമ്പറിന് നേരെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന് നേരെയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ പ്രകാശത്തോടെ ബീപ് ശബ്ദം കേൾക്കും. അത് ഒരു വോട്ടായി രേഖപ്പെടുത്തും. ഓരോ തവണയും കന്നി വോട്ടർമാർ ഏറെയുണ്ടാകുന്നതിനാലാണ് രാഷ്ട്രീയ പാർട്ടികൾ മാതൃക വോട്ടുയന്ത്രങ്ങളെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.