മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരെ നിയമിക്കാത്തതിനെതിരെ ഡി.എം.ഒ ഓഫിസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ പ്രതിഷേധം. സിവിൽ സ്റ്റേഷനിൽ ഡി.എം.ഒ കെ. സക്കീനയെ ഉപരോധിച്ചവരെ മലപ്പുറം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദിെൻറ നേതൃത്വത്തിൽ 12 അംഗങ്ങളാണ് ഉപരോധത്തിൽ പങ്കെടുത്തത്. ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കുന്നതിന് നാല് ഡോക്ടർമാരെ നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ ഉത്തരവിറക്കിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് നാല് ഡോക്ടർമാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന് ശേഷം ഒരു ദിവസം ഒരു ഡോക്ടർ വന്ന് ചുമതലയേറ്റ് പോയതല്ലാതെ പിന്നീട് ആരും വന്നില്ല.
ബ്ലോക്ക് പഞ്ചായത്തിെൻറയും അനിൽകുമാർ എം.എൽ.എയുടെയും ഫണ്ടുപയോഗിച്ച് ആവശ്യമായ എല്ലാ സൗകര്യങ്ങളും വണ്ടൂരിൽ ഒരുക്കിയിട്ടുണ്ട്. ഡി.എം.ഒ നിർദേശിച്ചതനുസരിച്ച് മരുന്നുകളും ഉപകരണങ്ങളും വാങ്ങി. എന്നാൽ, ഡോക്ടർമാർ വരാത്തതിനാൽ 16 ലക്ഷം രൂപയുടെ മരുന്നുകൾ നശിച്ചതായി ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.
വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് ബുധനാഴ്ച ഡി.എം.ഒ ഒാഫിസിലെത്തി ഉപരോധ സമരം നടത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായും ആശുപത്രി സൂപ്രണ്ടുമായും ഇവർ വിഷയം ചർച്ച നടത്തി. രണ്ടു ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന് കലക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ഡോക്ടർമാരെ നിയമിക്കേണ്ടത് മെഡിക്കൽ കോളജ് –ഡി.എം.ഒ
മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സക്ക് സ്റ്റാഫ് നഴ്സ് ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് ഗൈനക്കോളജിസ്റ്റ്, അനസ്ത്യേഷ്യ ഡോക്ടർമാരെ നിയമിക്കേണ്ടത് മഞ്ചേരി മെഡിക്കൽ കോളജ് അധികൃതരാണ്.
കോവിഡ് ചികിത്സ നിർത്തലാക്കിയത് ജില്ല ദുരന്തനിവാരണ കമ്മിറ്റി ചെയർമാെൻറ തീരുമാനമാണ്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉപരോധം നടത്തിയവർക്കും ബഹളം വെച്ചവർക്കും തെറിവിളിച്ചവർക്കുമെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഡി.എം.ഒ കെ. സക്കീന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.