വണ്ടൂർ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വാവ സുരേഷ് സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തിയതിൽ വണ്ടൂരിലും ആഘോഷം. മാർക്കറ്റ് റോഡിലെ കഫേ കുടുംബശ്രീ ഹോട്ടലിൽ സൗജന്യ ഉച്ചഭക്ഷണം നൽകിയാണ് തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെച്ചത്.
ഉച്ചഭക്ഷണം കഴിക്കാനെത്തിയവർക്ക് വിഭവങ്ങളിൽ അൽപം വ്യത്യസ്തത അനുഭവപ്പെട്ടിരുന്നു. ചോറ്, സാമ്പാറ്, മീൻ കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാർ, മസാലക്കറി, പപ്പടം, പായസം തുടങ്ങിയവ വിളമ്പാൻ മുൻപന്തിയിൽ ഹോട്ടലിന് ചുക്കാൻ പിടിക്കുന്ന കെ.സി. നിർമല ആയിരുന്നു. സമീപത്തെ കച്ചവടക്കാർ, ബാങ്ക് അടക്കമുള്ള വിവിധ ഓഫിസുകളിലെ ജീവനക്കാർ, വിദ്യാർഥികൾ എന്നിവരാണ് പതിവായി ഉച്ചഭക്ഷണത്തിനെത്താറ്. ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിൽ പണം നൽകാൻ ചെല്ലുമ്പോഴാണ് എല്ലാവരും വിവരമറിഞ്ഞത്.
സി.ഡി.എസ് അംഗവും കുടുംബശ്രീ ഹോട്ടൽ പ്രസിഡന്റുമായ കെ.സി. നിർമല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. പാമ്പുപിടിത്തത്തിന് കാശുപോലും വാങ്ങാതെ സ്വന്തം ജീവൻ പണയപ്പെടുത്തി നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്ന വാവ സുരേഷിനെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത അറിഞ്ഞപ്പോൾ മുതൽ തിരിച്ചുവരവിനായുള്ള പ്രാർഥനയിലായിരുന്നു. എല്ലാം സുഖമായി തിരിച്ചുവന്നാൽ 50 പേർക്കെങ്കിലും ഭക്ഷണം നൽകാനായിരുന്നു പദ്ധതി. എന്നാൽ, ശനിയാഴ്ച ഹോട്ടലിലെത്തിയ 200ലധികം പേർക്കും സൗജന്യ ഭക്ഷണ വിതരണം നടത്തുകയായിരുന്നു. കോവിഡ് വ്യാപന കാലത്തും നിർമലയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഹോട്ടൽ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.