വണ്ടൂർ: മുന്നിൽ തൂങ്ങിയാടുന്ന ജീവനെ മനക്കരുത്തിൽ താങ്ങിനിർത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞതിെൻറ ആത്മനിർവൃതിയിലാണ് തിരുവാലി തൃക്കൈപ്പറ്റ വെള്ളാരം ബാലകൃഷ്ണെൻറ മകൾ അനാമിക.
ഓടിക്കൂടിയ മുതിർന്നവർ പോലും പകച്ചുനിന്നപ്പോൾ അനാമികയും സഹോദരപുത്രി അയനയും നടത്തിയ ഇടപെടൽ നാടിനുതന്നെ അഭിമാനമാവുകയായിരുന്നു.
പത്താംതരം വിദ്യാർഥികളുടെ അവസരോചിത ഇടപെടൽ എസ്.പി.സി സ്ഥാപകൻ കൂടിയായ ഐ.ജി പി. വിജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് നാടറിയുന്നത്. കഴിഞ്ഞദിവസം രാവിലെ 10.30ഓടെ തൊട്ടടുത്തുള്ള ബന്ധുവീട്ടിലായിരുന്നു സംഭവം. വീടിനകത്തുനിന്ന് അപശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ആത്മഹത്യ ശ്രമത്തിനിടെ യുവതി കയറിൽ പിടയുന്നത് കണ്ടത്. ഉടൻ കാലിൽ പിടിച്ച് ഉയർത്തി സഹപാഠികൂടിയായ അയനയോട് കയറഴിക്കാൻ നിർദേശിക്കുകയായിരുന്നു.
ആളുകൾ ഓടിക്കൂടി അഴിച്ചുമാറ്റിയപ്പോഴേക്കും ശ്രമം നടത്തിയ യുവതി അബോധാവസ്ഥയിലായിരുന്നു. അവസരോചിത ഇടപെടൽ നടത്തിയ രണ്ടുപേരും തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10ാംതരം വിദ്യാർഥികളാണ്. സീനിയർ എസ്.പി.സി കാഡറ്റു കൂടിയായ അനാമികക്ക് എസ്.പി.സിയിൽനിന്ന് നേരത്തേ കിട്ടിയ പരിശീലനം നിർണായകഘട്ടത്തിൽ തുണയായതായി മാതാവ് സന്ധ്യ പറഞ്ഞു.
അബോധാവസ്ഥയിലായ യുവതിയെ ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.