വണ്ടൂർ: വിദ്യാലയത്തിനു മുൻവശത്തെ സീബ്രാലൈൻ പുനഃസ്ഥാപിച്ച് എസ്.പി.സി കേഡറ്റുകൾ. ഒരു വർഷത്തിലധികമായി മാഞ്ഞുപോയ സീബ്രാലൈൻ നന്നാക്കാൻ അധികൃതർക്ക് മുന്നിൽ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമാകാതെ വന്നതോടെയാണ് ഗവ. ഗേൾസ് ഹൈസ്കൂൾ എസ്.പി.സി കേഡറ്റുകൾ നാട്ടുകാരനായ കള്ളിയിൽ അഷ്റഫിന്റെ സഹായത്തോടെ വരകൾ പുനസ്ഥാപിച്ചത്.
വണ്ടൂർ-മഞ്ചേരി റോഡിലെ നാലുവരിപ്പാതയോരത്താണ് 3000ത്തോളം കുട്ടികൾ പഠിക്കുന്ന ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ റോഡിൽ അപകടങ്ങളും നിത്യ സംഭവമാണ്.
നാട്ടുകാരനും സാമൂഹിക പ്രവർത്തകനുമായ കള്ളിയിൽ അഷ്റഫ് നേരത്തെ സ്വന്തം നിലയിൽ ഇതേ റോഡിലെ മറ്റു വിദ്യാലയങ്ങൾക്ക് മുമ്പിലും സീബ്രാലൈനുകൾ വരച്ചിരുന്നു. ഇതറിഞ്ഞതോടെയാണ് കുട്ടികൾ അഷ്റഫിന്റെ സഹായം തേടിയത്.
വ്യാഴാഴ്ച രാവിലെ മുതലാണ് സീബ്രലൈൻ വരക്കാൻ തുടങ്ങിയത്. റോഡിന്റെ ഒരു ഭാഗത്ത് ബെഞ്ചുകൾ വെച്ചാണ് ട്രാഫിക് ക്രമീകരണം നടത്തുന്നത്.
ഒരു ദിവസം കൊണ്ട് പ്രവൃത്തികൾ പൂർത്തീകരിക്കാം എന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനു ഉപയോഗിച്ച പെയിൻറ് പെട്ടെന്ന് ഉണങ്ങാത്തതിനാൽ വരക്കൽ അടുത്ത ദിവസവും തുടരും.
വിദ്യാലയത്തിലെ എസ്.പി.സി യുടെ ചുമതയുള്ള അധ്യാപകരായ ജെ.എൻ. ഷിജു, സാലി എസ്. നന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. ഇതിന്റെ ചെലവ് എസ്.പി.സി ആണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.