തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വൈസ ചാൻസലറും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള ഭിന്നതയെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്ച സിൻഡിക്കേറ്റ് യോഗത്തിന് മുമ്പ് സമവായസമിതി ചേരും.
കഴിഞ്ഞ തിങ്കളാഴ്ച ചേരാനിരുന്ന ഉപസമിതി യോഗം വീണ്ടും പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മുടങ്ങിയിരുന്നു. എന്നാൽ, ഈ മാസം 30 ന് സിൻഡിക്കേറ്റ് യോഗം ചേർന്ന് ബജറ്റ് ഉൾപ്പെടെ അംഗീകരിക്കേണ്ടതിനാൽ സമവായം സാധ്യമാക്കി സഹകരിച്ച് പോകാനാണ് നീക്കം.
ജനുവരി ഒന്നിനകം ബജറ്റ് അംഗീകരിക്കണം. ഇത് കൂടി കണക്കിലെടുത്താണ് ഭരണ- പ്രതിപക്ഷ അംഗങ്ങൾ ധാരണയിലെത്തിയത്. സമവായ സമിതിയിൽ സിൻഡിക്കേറ്റ് യോഗ ധാരണക്ക് വിരുദ്ധമായി ഒരു സി.പി.എം അംഗത്തെക്കൂടി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചും രജിസ്ട്രാർ തെറ്റായി മിനിറ്റ്സ് തയാറാക്കിയെന്ന് ചൂണ്ടിക്കാട്ടിയും മുസ് ലിം ലീഗ് അംഗം ഡോ പി. റഷീദ് അഹമ്മദ് പിന്മാറിയിരുന്നു.
കോൺഗ്രസ് അംഗം ടി. ജെ. മാർട്ടിൻ, ബി.ജെ.പി പ്രതിനിധി എ.കെ. അനുരാജ് എന്നിവർ രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.സിക്ക് കത്തും നൽകി.
തുടർന്ന് രജിസ്ട്രാറുടെ ഉത്തരവ് വി.സി റദ്ദാക്കിയിരുന്നു. തുടർന്ന് വീണ്ടും പ്രതിസന്ധി ഉടലെടുത്തു. സ്ഥിതിഗതികൾ സങ്കീർണ്ണമായ ഘട്ടത്തിലാണ് പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിച്ചത്. സി.പി.എം അംഗങ്ങളുടെ കൂടെ സഹകരണത്തിലാണ് പുതിയ നീക്കം. തിങ്കളാഴ്ച ചേരുന്ന സിൻഡിക്കേറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് അതിന് മുമ്പ് തന്നെ സമവായ സമിതി യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.