മലപ്പുറം: വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് പ്രഖ്യാപിച്ച 521 കോടി രൂപയുടെ പ്രസരണ പാക്കേജിന് വൈദ്യുതി വകുപ്പിന്റെ അനുമതിയായില്ല. ഇതോടെ വേനലിൽ ജില്ലയിൽ വോൾട്ടേജ് ക്ഷാമത്തിന് സാധ്യതയേറി. ഇക്കഴിഞ്ഞ വേനലിൽ ജില്ലയിൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ റെക്കോർഡ് വൈദ്യുതി ഉപയോഗമുണ്ടായിരുന്നു.
വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ രണ്ടുവരെ ഇരട്ടിയലധികം വർധനയാണ് റിപ്പോർട്ട് ചെയ്തത്. ഉപയോഗം കൂടിയതോടെ നഗര-ഗ്രാമ പ്രദേശങ്ങളിലടക്കം വോൾട്ടേജ് ക്ഷാമം രൂക്ഷവുമായിരുന്നു. പരാതി ശക്തമായതോടെയാണ് പ്രശ്നപരിഹാരത്തിന് ജില്ലക്ക് വിതരണ-പ്രസരണത്തിനായി പാക്കേജ് പ്രഖ്യാപിച്ചത്. കെ.എസ്.ഇ.ബി സാങ്കേതിക വിഭാഗം, പ്രസരണ - വിതരണ വിഭാഗങ്ങളുടെ ഡയറക്ടർമാർ, ജില്ലയിലെ എം.എല്‍.എമാർ എന്നിവരെ പങ്കെടുപ്പിച്ച് കലക്ടര്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്താണ് പരിഹാര ഫോര്‍മുലയായി പാക്കേജിന് രൂപം നൽകിയത്.
931.93 കോടിയുടെ പാക്കേജാണ് ഒരുക്കിയത്. ഇതനുസരിച്ച് പ്രസരണ-വിതരണ വിഭാഗങ്ങൾ പദ്ധതി രൂപവത്കരിച്ച് വകുപ്പ് തലത്തില്‍ സമര്‍പ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡ് ഇലക്ട്രിസിറ്റി റഗുലേറ്റര്‍ കമീഷന് മുമ്പാകെ പ്രസരണ വിഭാഗത്തിന് 521 കോടി രൂപ പാക്കേജ് സമർപ്പിക്കാനായില്ല. ഇതോടെയാണ് പദ്ധതിക്ക് അംഗീകാരം ലഭിക്കാതെ പോയത്. എന്നാൽ വിതരണ വിഭാഗം തയ്യാറാക്കിയ 410.93 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരവും കിട്ടി.
11 കെ.വി ലൈനുകൾ വരുന്നതാണ് വിതരണ വിഭാഗത്തിൽ ഉൾപെടുക. വോൾട്ടേജ് പ്രശ്നം പരിഹരിക്കുന്ന 33, 66 കെ.വിക്ക് മുകളിൽ വരുന്നത് പ്രസരണ വിഭാഗത്തിന്റെ കീഴിലും വരും. പ്രസരണ വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ജില്ലയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകു. 2021 മുതൽ 2024 വരെയുള്ള കെ.എസ്.ഇ.ബിയുടെ കണക്ക് പ്രകാരം വൈദ്യുതി ഉപയോഗം കൂടി വരികയാണ്. പ്രശ്നം പരിഹരിക്കാൻ കെ.എസ്.ഇ.ബി പ്രസരണ-വിതരണ വിഭാഗം ഡയറക്ടർമാരയും മറ്റു ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
മലപ്പുറം: ജില്ലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള മലപ്പുറം പാക്കേജിന് പൂർണമായി അംഗീകാരം നൽകണമെന്ന് കാണിച്ച് പി.അബ്ദുൽ ഹമീദ് എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് കത്തെഴുതി. ജില്ലയിൽ കഴിഞ്ഞ തവണ വലിയ പ്രതിസന്ധിയുണ്ടായിരുന്നെന്നും പ്രശ്നങ്ങള്‍ക്ക് പര്‍ഹാരം കാണണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു. മലപ്പുറത്ത് ചേർന്ന ജില്ല വികസന സമിതി യോഗത്തിലും മന്ത്രിയോട് നേരിട്ടും എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.