തേഞ്ഞിപ്പലം: പാചക വാതക സിലിണ്ടറുകളിൽ ഗ്യാസിന് പകരം വെള്ളം നിറച്ച് ഏജൻസികളെയും അതുവഴി പൊതുജനങ്ങളെയും കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായുള്ള പരാതിയിൽ പൊലീസ് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ തൃശൂർ റെയ്ഞ്ച് ഡി.ഐ.ജിക്ക് ചുമതല നൽകി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണിത്. ടാങ്കർ ലോറി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്ലാന്റ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.ടി. വിനോദ് കുമാർ നൽകിയ പരാതിയിൽ ഐ.ഒ.സി അധികൃതരുടെ നിർദേശപ്രകാരം ഐ.ഒ.സി കേരള ഡി.ജി.എം ഓപറേഷൻ മേധാവി എൽ.പി. ഫുൽസലെ, സെയിൽസ് ഡി.ജി.എം അലക്സ് മാത്യു എന്നിവർ ചേളാരിയിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയതിനു പിന്നാലെയാണ് നടപടി.
പ്ലാന്റിൽനിന്ന് കയറ്റി അയച്ച 400ലധികം പാചകവാതക സിലിണ്ടറുകൾ വിവിധ ഏജൻസികളിൽനിന്നായി വെള്ളം നിറച്ചതായി കണ്ടെത്തിയതായാണ് പരാതി. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് ഇതിനുപിന്നിൽ മാഫിയ തന്നെയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കോഴിക്കോട് ജില്ലയിലെ ഗ്യാസ് ഏജൻസി ഉടമ തട്ടിപ്പിനിരയായതിനെ തുടർന്ന് നൽകിയ പരാതി ഐ.ഒ.സി മാനേജ്മെന്റ് ജില്ല കലക്ടർ വി.ആർ. വിനോദിന് കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിന് തൃശൂർ റെയ്ഞ്ച് ഡി.ഐ.ജിക്ക് ചുമതല നൽകിയ സാഹചര്യത്തിൽ പൊലീസിന്റെ തെളിവെടുപ്പും തുടർനടപടികളും ഉണ്ടാകും. ഐ.ഒ.സി സമിതിയുടെ അന്വേഷണ റിപ്പോർട്ടും നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.