മലപ്പുറം: സ്കൗട്ട് ആൻഡ് ഗൈഡ്സ് നാല് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന വേൾഡ് സ്കൗട്ട് ജാംബൂരിയിൽ പങ്കെടുക്കാൻ ജില്ലയിൽനിന്ന് 42 വിദ്യാർഥികൾ ദക്ഷിണ കൊറിയയിലേക്ക് യാത്ര തിരിക്കുന്നു. കടകശ്ശേരി ഐഡിയൽ സ്കൂളിൽനിന്നുള്ള 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമടങ്ങുന്ന 47 പേരുള്ള സംഘത്തിന് ഡൽഹിയിലെ കൊറിയൻ എംബസിയിൽനിന്ന് യാത്രാനുമതി ലഭിച്ചു. വേൾഡ് സ്കൗട്ട് ജാംബൂരി ഈ വർഷം ദക്ഷിണ കൊറിയയിലെ സീമാഗം എന്ന സ്ഥലത്താണ് നടക്കുന്നത്.
ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ നടക്കുന്ന 25ാമത് ജാംബൂരിയിൽ കൊറിയൻ പ്രസിഡന്റ് അടക്കമുള്ള ലോക രാഷ്ട്ര നേതാക്കൾ സംബന്ധിക്കും. ഇന്ത്യയിൽനിന്ന് 660 അപേക്ഷകരിൽ 373 പേർക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. ഇതിൽ കേരളത്തിൽനിന്ന് അപേക്ഷിച്ച 50 പേരിൽ മുഴുവൻ പേർക്കും അനുമതി കിട്ടി. ഇവരിൽ 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമടക്കം 47 പേരും കടകശ്ശേരി ഐഡിയൽ കാമ്പസിൽനിന്നുള്ളവരാണ്.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ചേർത്ത് ശ്രദ്ധ നേടിയ സ്കൂളാണ് കടകശ്ശേരി ഐഡിയൽ. സ്കൂളിൽ 48 സ്കൗട്ട് യൂനിറ്റുകളും 38 ഗൈഡ്സ് യൂനിറ്റുകളുമുണ്ട്. വേൾഡ് ജാംബൂരിയിൽ പങ്കെടുക്കുന്ന 42 അംഗ യൂനിറ്റിന്റെ നേതൃത്വം ഐഡിയൽ കാമ്പസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റ ചുമതലയുള്ള ഹുസൈൻ ചേകനൂർ, തസ്നി ശരീഫ്, വിനീത, ഫാസിൽ മാജിദ്, മുഹമ്മദ് നജീദ് എന്നിവർക്കാണ്.
ജൂലൈ 29ന് കൊച്ചിയിൽനിന്ന് മുംബൈ -സിംഗപ്പൂർ വഴി കൊറിയയിലേക്ക് യാത്ര തിരിക്കുന്ന ഇവർ ആഗസ്റ്റ് 15ന് മുംബൈ വഴി കരിപ്പൂർ എയർപോർട്ടിൽ തിരിച്ചെത്തും. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാനുള്ള വാർത്തസമ്മേളനത്തിൽ വിദ്യാർഥികളായ മുഹമ്മദ് ഫൈസാൻ, നഫീസത്തുൽ നിദ, ഗൗരിനന്ദ, മുഹമ്മദ് അയാൻ, മുഹമ്മദ് ഷനിൽ ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.