മുതലമട: മുതലമടയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പ്രഖ്യാപനം മാറ്റിവെച്ചു. ഔദ്യോഗിക പാനലിനെതിരെ 10 പേർ രംഗത്തുവന്നതിനാലും സ്വയം പിൻവലിക്കാൻ തയാറാകാത്തതിനാലുമാണ് നടപടി. 27 ബ്രാഞ്ചുകളുള്ള മുതലമട പഞ്ചായത്തിൽ 15 ലോക്കൽ കമ്മിറ്റി അംഗങ്ങളാണുള്ളത്. ഔദ്യോഗിക പാനലിൽ 15 പേരും ഇത് കൂടാതെ 10 പേരും എൽ.സിയിലേക്ക് നിർദേശിക്കപ്പെട്ടു. ഔദ്യോഗിക പാനലിൽനിന്ന് കുറച്ചുപേർ സ്വയം പിൻവലിഞ്ഞാൽ മാത്രമാണ് നിർദേശിക്കപ്പെട്ട പുറത്തുള്ള അംഗങ്ങളെ ഉൾക്കൊള്ളിക്കാനാവുക.
പുറമെനിന്ന് നിർദേശിക്കപ്പെട്ട 10 പേരിൽ അഞ്ചുപേർ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ശേഷിക്കുന്ന അഞ്ചുപേരിലുള്ള തീരുമാനം വൈകിയതാണ് തുടർ തീരുമാനം പ്രതിസന്ധിയിലാക്കിയത്. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ചർച്ചകളും സമവായത്തിലെത്തിയില്ല.
ജില്ല സെക്രട്ടേറിയറ്റ് അംഗം വി. ചെന്താമരാക്ഷൻ, ജില്ല കമ്മിറ്റി അംഗം കെ. ബാബു എം.എൽ.എ, ഏരിയ സെക്രട്ടറി പ്രേമൻ, ഏരിയ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ലോക്കൽ സമ്മേളനം നിയന്ത്രിച്ചത്. ഇത്തവണ ആദ്യമായാണ് ലോക്കൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിക്കാൻ സാധിക്കാത്ത അവസ്ഥ മുതലമടയിൽ ഉണ്ടായത്.
ജില്ല കമ്മിറ്റി തീരുമാനിച്ചശേഷം ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതാണ് തുടർ പ്രവർത്തനങ്ങൾ ഉണ്ടാവുക. അതിനുശേഷമായിരിക്കും ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം നടത്തുക. ലോക്കൽ കമ്മിറ്റി പ്രഖ്യാപനം നടക്കാത്തതിനാൽ പൊതുസമ്മേളനവും മാറ്റിവെച്ചു.
എന്നാൽ, ലോക്കൽ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങൾ വരുന്നത് സ്വാഭാവികമാണെന്നും ഇത് പാർട്ടിയുടെ കെട്ടുറപ്പ് വർധിപ്പി ക്കാനാണ് സഹായകമാകുന്നതെന്നും പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പാർട്ടി പ്രവർത്തകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.