പാലക്കാട്: പാലക്കാട് നഗരം സമ്പൂർണ കാമറ നിരീക്ഷണത്തിലേക്ക്. ഒലവക്കോട് മുതൽ മേപ്പറമ്പ് വരെ ചെറുതും വലുതുമായ 52 കവലകളിലായി 177 കാമറകളാണ് സജ്ജമാകുന്നത്. ഇതിൽ 68 എ.ഐ കാമറകളുമുണ്ട്. കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ. ഫണ്ടിൽനിന്ന് 76 ലക്ഷം ചെലവഴിച്ച് പാലക്കാട് ഐ പദ്ധതിയിലുൾപ്പെടുത്തിയാണ് കാമറകൾ സ്ഥാപിച്ചത്. എസ്.പി. ഓഫിസിലുള്ള പൊലീസ് കൺട്രോൾ റൂമിലെ മോണിറ്ററിൽ ദൃശ്യങ്ങൾ തത്സമയം കാണാനാവും.
കൃത്യമായ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്നതുൾപ്പെടെ ഉന്നതനിലവാരമുള്ള കാമറകളാണിതെന്ന് അധികൃതർ അറിയിച്ചു. ഇ-ഡിജിറ്റ് കമ്പനിയാണ് കാമറ സ്ഥാപിച്ചതും സാങ്കേതിക സഹായം നൽകുന്നതും. ആധുനിക ഫൈബർ കേബിളുകളാണ് കാമറക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനാൽ തടസ്സങ്ങളില്ലാതെ ദൃശ്യങ്ങൾ കാണാനാവും. തടസ്സമുണ്ടായാൽ പരിഹരിക്കാൻ സാങ്കേതികവിദഗ്ധരും സജ്ജമാണ്.
ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കാനും സൗകര്യമുണ്ട്. നിരീക്ഷണ കാമറകൾ പ്രവർത്തനസജ്ജമാകുന്നതോടെ നഗരത്തിലെ പ്രധാന കവലകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളും അപകടങ്ങളും തത്സമയം നിയമപാലകർക്ക് അറിയാനും നടപടി സ്വീകരിക്കാനും കഴിയും. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ച പദ്ധതിയാണ് പൂർത്തിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.