രാജ്യം സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തിലേക്ക് ചുവടുവെക്കുേമ്പാൾ കരിമ്പനനാടിനും അഭിമാനിക്കാൻ ഏറെയുണ്ട്. തോക്കുകൾക്കും ലാത്തികൾക്കും മുന്നിൽ പതറാതെ, സ്വാതന്ത്ര്യ മോഹവുമായി തുറുങ്കിലേക്ക് സധൈര്യം നടന്നുനീങ്ങിയ ദേശസ്നേഹികൾ. സ്വാതന്ത്ര്യ ദാഹത്തിെൻറ പ്രതീകമായി ചരിത്രത്തിെൻറ ഭാഗമായ ചെറുതും വലുതുമായ സമര പോരാട്ടങ്ങൾ. വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടത്തിെൻറ ഒളിമങ്ങാത്ത ഒാർമകളുമായി, ഒട്ടനവധി ചരിത്ര സ്മാരകങ്ങൾ. ഏഴര പതിറ്റാണ്ടുകൾക്കുശേഷവും പോരാട്ട സ്മരണകളുടെ സമരാവേശമായി ഇവയെല്ലാം തലമുറകളിലേക്ക് കൈമാറ്റം െചയ്യപ്പെടുന്നു. ഗാന്ധിജിയും നെഹ്റുവുമടക്കം മഹാരഥൻമാരുടെ പാദസ്പർശമേറ്റ മണ്ണിൽ, സ്വാതന്ത്ര്യ സമരങ്ങളുടെ വേലിയേറ്റകാലത്ത് ചരിത്രത്തിൽ മായാത്ത മുദ്രകളായ ചിലതെല്ലാം ഇവിടെ വീണ്ടും സ്മരിക്കുകയാണ്.
വിക്ടോറിയ കോളജ്: പോരാട്ട ചരിത്രത്തിലെ വേറിട്ട ഏട്
പാലക്കാട്: ക്വിറ്റ്ഇന്ത്യ സമര ചരിത്രത്തിൽ പാലക്കാടിനെ അടയാളപ്പെടുത്തിയ ചെറുതും വലുതുമായ സംഭവങ്ങളുണ്ട്. അതിലൊന്നാണ് ബ്രിട്ടീഷ് ഭരണത്തിെൻറ അഭിമാനമായ വിക്ടോറിയ കോളജിൽ ബോംബ് സ്ഫോടനം നടത്താനുള്ള സമരപോരാളികളുടെ പദ്ധതി. മദ്രാസ് പ്രസിഡൻസിയുടെ അഭിമാന സ്തംഭമായും ബ്രിട്ടീഷ് രാജ്ഞിയുടെ പേരിെൻറ പകിട്ടിലും തലയുയർത്തി നിൽക്കുന്ന വിക്ടോറിയ ജൂബിലി കോളജിൽ ബോംബ് സ്ഫോടനം നടത്താനുള്ള ചുമതല മുണ്ടൂർ കയറംകോടം കെ.വി. ചാമുവിനായിരുന്നു. സയൻസ് ലാബായിരുന്നു ലക്ഷ്യം. വിധ്വംസക ദിനമായി പ്രഖ്യാപിച്ച നവംബർ 17ആണ് സ്ഫോടനത്തിന് തിരഞ്ഞെടുത്തത്. കോഴിക്കോട്ടെ കീഴരിയൂരിലായിരുന്നു ബോംബ് നിർമാണവും രഹസ്യയോഗങ്ങളും നടന്നത്. തൃത്താല സ്വദേശി കെ.ബി. മേനോനായിരുന്നു ബുദ്ധികേന്ദ്രം. പാലക്കാട് ഉൾെപ്പടെയുള്ള പ്രദേശങ്ങളിലെ സ്ഫോടന നീക്കം പൊലീസ് മണത്തറിഞ്ഞതിനെ തുടർന്ന് പരാജയപ്പെട്ടു. ചാമുവും നൊച്ചുപ്പുള്ളി ആനപ്പാറ പ്രഭാകരനും 1943 ആഗസ്റ്റ് ഏഴിന് പൊലീസ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സബ് ജയിലുകളിലായിരുന്നു പിന്നെ ഒമ്പതുമാസങ്ങൾ. 1944 ഏപ്രിൽ 18ന് സൗത്ത് മലബാർ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ കെ.ബി. മേനോൻ, ചാമു, പ്രഭാകരൻ എന്നിവരുൾെപ്പടെ 14 പ്രതികളെ വെറുതെവിട്ടു.
വിധി പുറത്തുവന്ന് മിനിറ്റുകൾക്കകം ബ്രിട്ടീഷ് സർക്കാർ ചാമു ഉൾെപ്പടെയുള്ള പ്രധാനികളെ തിരഞ്ഞുപിടിച്ച് വീണ്ടും തടവിലാക്കുകയും മദ്രാസ് ഹൈകോടതിയിൽ അപ്പിൽ പോകുകയും ചെയ്തു. ആ അപ്പീൽ കേസിന് മേലുള്ള വിധിയിലാണ് ചാമുവിനെ ഏഴുകൊല്ലം കഠിന തടവിന് ശിക്ഷിക്കുന്നതും കർണാടക ബെല്ലാരിയിലെ ആലിപ്പുരം ജയിലിലേക്ക് മാറ്റുന്നതും. 1930ലാണ് ചാമു ഇന്ത്യൻ നാഷനൽ കോൺഗ്രസിലൂടെ സ്വാതന്ത്ര്യ സമരവുമയി അടുക്കുന്നത്.
ഇ.പി: വള്ളുവനാടിെൻറ തീപ്പന്തം
പട്ടാമ്പി: അടിച്ചമർത്തപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതിഷേധാഗ്നി ജ്വലിപ്പിച്ച് വള്ളുവനാടിെൻറ ആത്മാഭിമാനമുയർത്തിയ കർമധീരനാണ് കൊപ്പം മണ്ണേങ്ങോട് എറശ്ശേരി പുത്തൻവീട്ടിൽ ഇ.പി. ഗോപാലൻ. 1912ൽ മണ്ണേങ്ങോട് കുഞ്ഞി അമ്മയുടെയും മുല്ലപ്പള്ളി പുത്തൻവീട്ടിൽ ചാത്തുനായരുടെയും മകനായി 1912 ആഗസ്റ്റ് 26ന് ജനിച്ച ഇ.പിയുടെ ജീവിതം നാടിെൻറ പോരാട്ടചരിത്രമാണ്.
അവർണരുടെ ക്ഷേത്രപ്രവേശനത്തിനും അവർക്കൊപ്പം പന്തിഭോജനം നടത്തി അയിത്തോച്ചാടനത്തിനും ആഹ്വാനം ചെയ്ത ഇ.പി, പെരിന്തൽമണ്ണയിൽ ഫിഫ്ത് ഫോറത്തിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമര ചൂളയിലേക്ക് എടുത്തുചാടിയത്. സഹപാഠിയായ ഇ.എം.എസും അധ്യാപകൻ എം.പി. ഗോവിന്ദമേനോനും ഇ.പിയുടെ മനസ്സിൽ വിപ്ലവക്കൊടുങ്കാറ്റ് വിതച്ചു. 1930ൽ കോഴിക്കോട് കല്ലായി കള്ളുഷാപ്പ് പിക്കറ്റ് ചെയ്ത് 18ാം വയസ്സിൽ ആദ്യ ജയിൽവാസം. നാലുമാസത്തെ തടവിന് ശേഷം 1932ൽ വള്ളുവനാട് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ഒമ്പതു മാസംകൂടി തടവിലക്കപ്പെട്ടു. ചെർപ്പുളശ്ശേരിയിൽ പൊതുയോഗത്തിൽ പ്രസംഗിച്ചതിന് 21 മാസമായിരുന്നു ശിക്ഷ.
മലബാറിലെ കോൺഗ്രസ് നേതൃത്വം ഇടതുപക്ഷത്തിെൻറ കൈയിൽ എത്തിയപ്പോൾ വർഗാടിസ്ഥാനത്തിൽ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനം ശക്തിപ്പെട്ടു. ഇടത്തരം കർഷക കുടുംബാംഗമായ ഇ.പി. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും കർഷക പ്രശ്നങ്ങളിൽ ഇടപെടുന്നതിനും പ്രാധാന്യം കൊടുത്തു.
പി.വി. കുഞ്ഞുണ്ണി നായരും കൊങ്ങശ്ശേരി കൃഷ്ണനും എ.കെ. രാമൻകുട്ടിയും കൂടെയുണ്ടായിരുന്നു. ഇവർ നാലുപേരും 1957ൽ നിയമസഭ അംഗങ്ങളായി. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക സമ്മേളനം 1939ൽ പിണറായി പാറപ്പുറത്ത് നടന്നപ്പോൾ പാലക്കാട്ടുനിന്ന് ഈ നാല് പേരാണ് പങ്കെടുത്തത്.
കോഴിക്കോട്, കണ്ണൂർ, ബല്ലാരി, രാജമുന്ദ്രി, സേലം തുടങ്ങിയ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1947 ആഗസ്റ്റ് 14നാണ് ഇ.പിയെ തടവറയിൽനിന്ന് മോചിപ്പിച്ചത്. 1957ൽ പട്ടാമ്പി, 1960ൽ പെരിന്തൽമണ്ണ, 1977ൽ പട്ടാമ്പി എന്നിങ്ങനെ മൂന്ന് തവണ നിയമസഭാംഗമായി. 1957ലെ കേരള കാർഷിക ബന്ധനിയമത്തിെൻറ അണിയറ ശിൽപികളിൽ പ്രമുഖനായിരുന്നു.
ചരിത്രമുറങ്ങുന്ന വടക്കത്ത് തറവാട്ടില്‍ സുശീലാമ്മയുണ്ട്
ആനക്കര: പടിവാതില്‍ കടക്കുമ്പോള്‍ 121 വര്‍ഷം പഴക്കുള്ള ആനക്കര വടക്കത്ത് തറവാടിെൻറ പൂമുഖം കാണാം. മുറ്റത്തും കോലായിലും ആളും ആരവവുമില്ല. ചരിത്രം നിശ്ശബ്ദമായി ഉറങ്ങുകയാണിവിടെ. ഭാരതത്തിന് പെരുമയേകിയ ഒരുപാട് വനിതാരത്നങ്ങൾക്കു ജന്മംനൽകിയ തറവാട്. അവരില്‍ അമ്മു സ്വാമിനാഥന്, ക്യാപ്റ്റന്‍ ലക്ഷ്മി, കുട്ടിമാളു അമ്മ, സുശീലഅമ്മ... ഇന്ത്യയുടെ സമരചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ പലരുടെയും വീട്. ആനക്കര വടക്കത്ത് തറവാടില്ലാതെ, സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചു പറയാനാവില്ല. പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും മല്ലികാ സാരാഭായിയുടെയും സി.പി.എം നേതാവായ സുഭാഷിണി അലിയുടെയും തറവാട് കൂടിയാണിത്.
സ്വാതന്ത്ര്യസമര സേനാനിയായ പ്രായം നൂറ് കടന്ന സുശീലാമ്മ ഇപ്പോഴും തറവാട്ടിൽ ഉണ്ട്. പഴയകാലത്തെ വീറും വാശിയും സമരാവേശങ്ങളും ഇൗയടുത്തുവരെ പങ്കുെവച്ചിരുെന്നങ്കിലും ഇപ്പോള്‍ അതിനാവില്ല. പക്ഷാഘാതത്തിെൻറ പിടിയിലായതോടെ ജീവിതം നാലുചുവരുകള്‍ക്കുള്ളിലെ കട്ടിലില്‍ ഒതുങ്ങി. മക്കള്‍ അടുത്തില്ലാത്തതിനാല്‍ അടുത്ത ബന്ധുക്കളുടെ പരിചരണമാണ് സമരനായികക്ക് ഇന്ന് ആശ്വാസമേകുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തിലെ പോരാളിയായ ജി. സുശീല, മദ്രാസ് സെക്രേട്ടറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം വിയ്യൂര്‍ വനിത ജയിലില്‍ തടവ് അനുഭവിച്ചിട്ടുണ്ട്. തുടർന്ന് ആനക്കരയില്‍ മടങ്ങിയെത്തിയ സുശീലാമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ജ്വലിക്കുന്ന ഓർമയായി തരൂരിലെ കോമ്പുക്കുട്ടി മേനോൻ
ആലത്തൂർ: സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട കാലം. നാടിെൻറ നാനാഭാഗത്തും ദേശീയ പ്രസ്ഥാനത്തിെൻറ ആശയങ്ങൾ വിശദീകരിക്കാൻ ചെറിയ ജാഥകളും യോഗങ്ങളും രഹസ്യമായി നടക്കുന്നു. അതിലൊരു യോഗമാണ് 1942 സെപ്റ്റംബർ 17ന് പാടൂരിൽ നടന്നത്. അധ്യക്ഷൻ കോമ്പുക്കുട്ടി മേനോനായിരുന്നു. ഈ വിവരം അറിഞ്ഞ ബ്രിട്ടീഷ് പൊലീസ് മേനോനെ അന്വേഷിച്ചെത്തി. വിലക്ക് ലംഘിച്ച് യോഗം നടത്തിയെന്നായിരുന്നു കുറ്റം. സെപ്റ്റംബർ 20ന് അർധരാത്രി വീട് വളഞ്ഞാണ് മേനോനെ കസ്റ്റഡിയിലെടുത്തത്. ധരിച്ചിരുന്ന തോർത്ത് മാറ്റി മുണ്ടുടുക്കാൻ പോലും പൊലീസ് അനുവദിച്ചിരുന്നില്ലെന്നാണ് പറയുന്നത്. ആർ.ഡി.ഒ കോടതിയിൽ ഹാജരാക്കിയ മേനോന് 18 മാസത്തെ കഠിനതടവാണ് വിധിച്ചത്. പാലക്കാട്ടേക്കും അവിടെനിന്ന് ബല്ലാരിയിലേക്കും തുടർന്ന് പശ്ചിമ ബംഗാളിലെ അലിപ്പൂർ സെൻട്രൽ ജയിലിലേക്കും മാറ്റി. ധരിക്കാൻ വസ്ത്രമോ, കഴിക്കാൻ ഭക്ഷണമോ നൽകാതെ, കടുത്ത പീഡനവുമുള്ള തടവ് നരകതുല്യമായിരുന്നു. മാപ്പ് എഴുതി കൊടുത്താൽ വിടാൻ നിയമമുണ്ടായിരുന്നിട്ടും മേനോൻ അതിന് തയാറായില്ല. ക്ഷീണത്താൽ രോഗബാധിതനാകുകയും 1943 ഫെബ്രുവരി 16ന് 36ാം വയസ്സിൽ മരിക്കുകയും ചെയ്തു.
പാലക്കാട്ടുശ്ശേരി രാജകുടുംബമായ തരൂർ ആലിങ്കൽപട പാറുക്കുട്ടി അമ്മയുടെയും ഇളയച്ചനിടം ധർമനച്ചെൻറയും മകനായി 1907 ലായിരുന്നു കോമ്പുക്കുട്ടി മേനോെൻറ ജനനം. തരൂർ യു.പി സ്കൂളിൽ അധ്യാപകനായിരുന്നു. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ.പി. കേശവമേനോെൻറ സഹോദരി ഭാർഗവി നേത്യാരുടെ മകൾ തങ്കം നേത്യാരായിരുന്നു ഭാര്യ. പാർവതി നേത്യാർ, സുശീല നേത്യാർ, വേണുഗോപാലൻ എന്നിവരാണ് മക്കൾ. ഇതിൽ പെൺമക്കൾ രണ്ടുപേരും മരിച്ചു. സ്മരണക്കായി തരൂരിൽ 1946ൽ സ്ഥാപിച്ചതാണ് കോമ്പുക്കുട്ടി മേനോൻ സ്മാരക ഗ്രന്ഥാലയം.
ഒളിമങ്ങാത്ത ഓർമകളിൽ ഒറ്റപ്പാലത്തെ പ്രഥമ കോൺഗ്രസ് സമ്മേളനം
ഒറ്റപ്പാലം: 1921 ഏപ്രിൽ 23. വാഹനസൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് പാരതന്ത്ര്യത്തിെൻറ അസ്വസ്ഥതകൾ പേറി ഒറ്റപ്പാലത്ത് തിങ്ങിക്കൂടിയത് അയ്യായിരത്തിലേറെ ദേശസ്നേഹികൾ. ആന്ധ്ര കേസരി എന്ന് അറിയപ്പെട്ടിരുന്ന ടി. പ്രകാശത്തിെൻറ അധ്യക്ഷതയിൽ ചേർന്ന പ്രഥമ കോൺഗ്രസ് സമ്മേളനത്തിന് വേദിയായത് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപമുള്ള കൊയ്ത്തൊഴിഞ്ഞ പാടശേഖരം. ഏപ്രിൽ 23 മുതൽ 26 വരെയുള്ള നാല് നാളുകളിലായി നടന്ന സമ്മേളനം മലബാറിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കി.
കോഴിക്കോട് ആസ്ഥാനമായി രൂപവത്കരിച്ച കെ.പി.സി.സിയുടെ നിർദേശപ്രകാരമായിരുന്നു ഒറ്റപ്പാലം സമ്മേളനം. ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ മണത്തറിഞ്ഞ മലബാർ ജില്ല പൊലീസ് സൂപ്രണ്ട് ഹിച്കോക്ക് കോഴിക്കോട്ടുനിന്ന് ഒറ്റപ്പാലത്തെത്തി നിരീക്ഷണ ചുമതല ഏറ്റെടുത്തു. 24ന് ഉച്ചക്ക് ഒന്നിന് ആരംഭിച്ച സമ്മേളനത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തത് ബ്രിട്ടീഷ് ഭരണത്തിനെതിരെ അണിനിരക്കാനായിരുന്നു. പ്രഭാഷണങ്ങൾ ശ്രവിച്ച സ്ത്രീകളിൽ പലരും അണിഞ്ഞിരുന്ന ആഭരണങ്ങൾ അഴിച്ചെടുത്ത് തിലക് സ്വരാജിലേക്ക് സംഭാവന നൽകി.
26ന് രാവിലെ ഇൻഡിപെൻഡൻറ് പത്രാധിപർ ജോർജ് ജോസഫിെൻറ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ വിദ്യാലയ ബഹിഷ്കരണം മുഖ്യ വിഷയമായി. എല്ലാ ജനവിഭാഗങ്ങളെയും സമ്മേളനവേദിയിൽ ഒരുമിച്ച് കണ്ടതോടെ ബ്രിട്ടീഷ് പൊലീസിെൻറ രോഷം അണപൊട്ടി. നഗരത്തിലെ നിരപരാധികളായ ജനങ്ങൾക്ക് നേരെ മർദനം അഴിച്ചുവിട്ടാണ് പൊലീസ് കലി തീർത്തത്. വിവരമറിഞ്ഞ് സമ്മേളനപ്പന്തലിലുണ്ടായിരുന്ന പെരുമ്പിലാവിൽ രാമുണ്ണി മേനോനും ഖിലാഫത്ത് സെക്രട്ടറി ഹമീദ്ഖാനും അന്വേഷിക്കാനായി സംഭവസ്ഥലത്തെത്തി. രാമുണ്ണിമേനോനെ കണ്ടപാടെ പൊലീസ് രോഷം അദ്ദേഹത്തോടായി. ക്രൂര മർദനമാണ് ഏൽക്കേണ്ടിവന്നത്. വളൻറിയർ ക്യാപ്റ്റനായിരുന്ന വി.ടി. ഭട്ടതിരിപ്പാടിനെ എറിഞ്ഞുവീഴ്ത്തുകയും ഇരുമ്പ് വടികൊണ്ടുള്ള മർദനത്തിൽ പരിക്കേൽക്കുകയും ചെയ്തു. വി.ടി. എന്ന മഹാരഥെൻറ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള അരങ്ങേറ്റത്തിന് വേദിയൊരുക്കിയത് ഒറ്റപ്പാലം സമ്മേളനമായിരുന്നു.
എഴുത്ത്: കെ.പി. യാസിർ, മോഹൻ ചരപ്പറമ്പിൽ, എ.പി. ഉമ്മർ, ബാബു പി. കുമരനെല്ലൂർ, കെ. പഴനിമല,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.