മാത്തൂർ: പ്രാരാബ്ധങ്ങളെ ചവിട്ടിമെതിച്ച് ദേശീയ കായിക ഭൂപടത്തിെൻറ നെറുകയിലെത്തിയ അബ്ദുൽ റസാഖ് ഇനി നാവിക സേനക്കുവേണ്ടി ട്രാക്കിലിറങ്ങും. മാത്തൂർ സി.എഫ്.ഡി സ്കൂളിെൻറ പരിശീലന കളരിയിലൂടെ കായിക മികവിലേക്ക് ഉയർന്ന അബ്ദുൽ റസാഖിന് താങ്ങും തണലുമായത് പരിശീലകൻ കെ. സുരേന്ദ്രൻ.
പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി ചെരാംകുളങ്ങര വീട്ടിൽ റഷീദ്-സാജിത ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനാണ് 18കാരനായ അബ്ദുൽ റസാഖ്. മീൻ വിറ്റ് ഉപജീവനം തേടുന്ന റഷീദിെൻറ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. കായിക മേഖലയിൽ മകെൻറ താത്പര്യം മനസ്സിലാക്കി പിതാവ് റഷീദ്, മകനെ 2015ൽ മാത്തൂർ സി.എഫ്.ഡി ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തി. സ്കൂളിൽ ചേർന്നതു മുതൽ മാത്തൂർ സി.എഫ്.ഡി അത്ലറ്റിക് ക്ലബിലും അംഗമായി. അന്നു മുതൽ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഈ മിടുക്കേൻറത്.
അന്തർദേശീയ തലത്തിൽ 400 മീറ്ററിൽ ഏഷ്യൻ യൂത്ത് മീറ്റിലെ മികച്ച ജൂനിയർ താരമായി. ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ യൂത്ത് മീറ്റിൽ രണ്ട് സ്വർണ മെഡലുകൾ നേടി. ഖസാക്കിസ്ഥാനിൽ നടന്ന 20 വയസിൽ താഴെയുള്ളവരുടെ മീറ്റിൽ ഒരു സ്വർണവും ഒരു വെള്ളിയും നേടി. നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന സീനിയർ സാഫ് ഗെയിംസിൽ 4x400 മീറ്ററിൽ മെഡലണിഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിനു വേണ്ടി അഞ്ച് മെഡലുകൾ നേടി.
ദേശീയ തലത്തിൽ കേരളത്തിനു വേണ്ടി 12 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് എട്ട് സ്വർണം, ഒരു വെള്ളി എന്നിവ നേടി. സംസ്ഥാന തല മത്സരങ്ങളിൽ 13 സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടിയിട്ടുണ്ട്. ഖേലോ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ ക്യാപ്റ്റൻ പട്ടം അണിയാനുള്ള ഭാഗ്യവും അബ്ദുൽ റസാഖിന് ലഭിച്ചു. സൗത്ത് സോൺ മീറ്റിലും കേരള ക്യാപ്റ്റനായി ഖേലോ ഇന്ത്യ മത്സരത്തിൽ മൂന്ന് സ്വർണ മെഡൽ നേടിയ കേരളത്തിലെ ഏക കായിക താരമായിരുന്നു അബ്ദുൽ റസാഖ്. 2018ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ, മികച്ച വ്യക്തിഗത ചാമ്പ്യൻഷിപ്പും കൈപ്പിടിയിലാക്കി.
കായികാധ്യാപകൻ കെ. സുരേന്ദ്രെൻറ ചിട്ടയാർന്നതും ആത്മാർഥമായതുമായ പരിശീലനവും സ്കൂളിലെ അധ്യാപകരുടെയും പി.ടി.എ.യുടെയും മാനേജ്മെൻറ് കമ്മിറ്റിയുടെയും പഞ്ചായത്തിെൻറയും സഹായങ്ങളും പിന്തുണയും വേണ്ടുവോളം ലഭിച്ചിട്ടുള്ളതായി അബ്ദുൽ റസാഖ് പറഞ്ഞു.
ഇന്ത്യൻ നേവിയുടെ മുംെബെയിലെ ഹംലയിലുള്ള ആസ്ഥാനത്താണ് അബ്ദുൽറസാഖിന് നിയമനം.
സി.എഫ്.ഡി അത്ലറ്റിക് ക്ലബിൽനിന്ന് കേന്ദ്ര സംസ്ഥാന-സർക്കാർ ജോലികളിലേക്ക് നിയമിക്കപ്പെടുന്ന 11ാമത്തെ താരമാണ് അബ്ദുൽ റസാഖ് എന്നും റസാഖിെൻറ ഉയർച്ചയിൽ വളരെയധികം സന്തോഷമുണ്ടെന്നും പരിശീലകൻ കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.