കുറ്റിപ്പുറം: മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയെ കുറ്റിപ്പുറം പൊലീസ് പിടികൂടി. താനൂർ ഒഴൂർ സ്വദേശി കുട്ടിയാനകത്ത് ഷാജഹാനാണ് (58) പിടിയിലായത്. സി.സി ടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂരങ്ങാടിയിൽനിന്നാണ് പ്രതി പൊലീസ് വലയിലായത്.
കുറ്റിപ്പുറം രാങ്ങാട്ടൂർ പള്ളിപ്പടിയിൽ കഴിഞ്ഞ 17ന് നടന്ന മോഷണക്കേസിലെ പ്രതിയാണ്. രാങ്ങാട്ടൂർ പള്ളിപ്പടിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ പുലർച്ച രണ്ടിന് അടുക്കളയുടെ പൂട്ട് തുറന്ന് കയറിയ ഷാജഹാൻ ഉറങ്ങിക്കിടന്ന ഒന്നര വയസ്സുള്ള കുട്ടിയുടെ ഒരു പവൻ മാല, മുക്കാൽ പവൻ പാദസരം, അര പവൻ വള എന്നിവയാണ് മോഷ്ടിച്ചത്. വീട്ടിലെ മുതിർന്ന സ്ത്രീ മോഷ്ടാവിനെ കണ്ടിരുന്നെങ്കിലും ഭയം മൂലം ശബ്ദിച്ചിരുന്നില്ല. പിന്നീട് കുടുംബം കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷണം നടന്ന വീട്ടിലെ സ്ത്രീ ഷാജഹാനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മലപ്പുറം, പാലക്കാട് ജില്ലകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഷാജഹാൻ. കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മോഷണക്കേസിൽ അറസ്റ്റിലായ ഷാജഹാൻ ഏപ്രിലിലാണ് തിരൂർ സബ് ജയിലിൽനിന്ന് മോചിതനായത്. തുടർന്നാണ് കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയത്.
ടെറസിന് മുകളിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സ്വഭാവവും പ്രതിക്കുണ്ടെന്ന് െപാലീസ് പറയുന്നു.
കുറ്റിപ്പുറം ഇൻസ്പെക്ടർ പത്മരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശെൽവരാജൻ, എൻ.എസ്. മനോജ്, ടി.എം. വിനോദ്, എ.എസ്.ഐ ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.