ആനക്കര: പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയില്‍ നിര്‍മിക്കുന്ന കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയാകും. നിലവില്‍ ജോലികള്‍ ദ്രുതഗതിയിലാണെന്നും നിര്‍മാണ കാലാവധിക്ക് മുമ്പായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. 28 ഷട്ടറുകളുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തൂണുകളുടെ നിര്‍മാണം മേയ് മാസത്തോടെ പൂര്‍ത്തിയാകും. 30 തൂണുകളുള്ള പാലത്തിന്റെ 16 എണ്ണം നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ ജോലികള്‍ പുരോഗമിക്കുകയാണ്.
പുഴയില്‍ ജലനിരപ്പ് ഉയരുന്നതിന് മുമ്പായി തൂണുകളുടെയും അനുബന്ധ കോണ്‍ക്രീറ്റ് നിര്‍മാണങ്ങളും പൂര്‍ത്തിയാക്കും. തൂണുകള്‍ നിര്മിച്ചുവരുന്നതിന് അനുസരിച്ച് മുകള്‍ഭാഗത്തെ റോഡിന്റെ കോണ്‍ക്രീറ്റ് ജോലികളും നിലവിൽ നടക്കുന്നുണ്ട്. കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞ ഭാഗത്ത് ഇരുവശത്തുമായി കൈവരികളും സ്ഥാപിച്ചു. ഇതുവരെ 10 ഷട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. 102 കോടി ചെലവിട്ടാണ് കുമ്പിടിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് റെഗുലേറ്റര്‍ കം ബ്രിജ് നിര്‍മിക്കുന്നത്. 2022 ഡിസംബറില്‍ ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തെ സമയമാണ് കരാര്‍ കമ്പനിക്ക് നല്‍കിയത്. ഗതാഗതത്തിനുപുറമേ പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ജലസംഭരണവും, ടൂറിസവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
വെള്ളിയാങ്കല്ലും ചമ്രവട്ടം റെഗുലേറ്ററും അതത് ജില്ലകള്‍ക്ക് മാത്രമാണ് ഉപകാരമെങ്കില്‍ കാങ്കക്കടവ് റെഗുലേറ്റര്‍ പാലക്കാടിനും മലപ്പുറത്തിനും ഒരുപോലെ അനുഗ്രഹമാകും. വേനൽകാലത്തിന് മുമ്പ് വെള്ളിയാങ്കല്‍ റെഗുലേറ്റര്‍ അടക്കുന്നതോടെ താഴെക്കുള്ള ഭാഗങ്ങളില്‍ നിളയിലെ നീരൊഴുക്ക് കുറയാറാണ് പതിവ്. കാങ്കപ്പുഴ റെഗുലേറ്റര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇരുജില്ലയിലെയും വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കാന്‍ സാധിക്കും.
ആനക്കര വില്ലേജിലെ 64 സര്‍വേ നമ്പറിലും കുറ്റിപ്പുറം പഞ്ചായത്തില്‍ 65 സര്‍വേ നമ്പറിലുമായി 98 വ്യക്തികളുടേതായി 170.52 സെന്റ് സ്ഥലമാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വീടുകളും കെട്ടിടങ്ങളുമായി 10 എണ്ണവും 49 മതില്, ഗേറ്റ് എന്നിവ പൊളിക്കുകയും മൂന്നു കിണറുകള്‍ നികത്തേണ്ടി വരികയും ചെയ്യും. അപ്രോച്ച് റോഡ് വരുന്ന കുമ്പിടി ഭാഗത്ത് പ്രധാനമായും കച്ചവടസ്ഥാപനങ്ങളാണ് പൊളിക്കേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.