ആനക്കര: പന്നികള്‍ വ്യാപകമായികൃഷി നശിപ്പിക്കുന്നതിൽ കര്‍ഷകര്‍ ദുരിതത്തില്‍. ആനക്കര, കപ്പൂര്‍ മേഖലയിലെ നെല്‍കര്‍ഷകര്‍ ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നെല്‍കൃഷി മാത്രമല്ല പച്ചക്കറികളും പന്നികള്‍ നശിപ്പിക്കുന്നുണ്ട്. 10 മുതല്‍ 15 വരെ പന്നികള്‍ അടങ്ങുന്ന സംഘം വയലിനിറങ്ങി നടീലിന് തയ്യാറാക്കിയ ഞാറ്റടിയും പുതുതായി വെച്ച വരമ്പുകളും കുത്തിമറിക്കുന്നതും പതിവാണ്. വരമ്പുകള്‍ തകര്‍ന്നതോടെ കൃഷിയിടത്തില്‍ വെള്ളം നിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ്.
നെല്‍വയലില്‍ മാത്രമല്ല തോട്ടത്തിലും ഇവ നാശം വിതക്കുന്നുണ്ട്. പച്ചക്കറികള്‍ക്ക് പുറമേ തെങ്ങ്, കവുങ്ങ് തൈകള്‍ വരെ പന്നിക്കൂട്ടം നശിപ്പിക്കുന്നു. ഇക്കാരണത്താല്‍ ഒരു കൃഷിയും നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. പാടത്ത് സാരിയും മുണ്ടും പ്ലാസ്റ്റിക് ഷീറ്റും മറ്റും ഉപയോഗിച്ച് കർഷകർ കെട്ടിയ മറ തകര്‍ത്താണ് പന്നികള്‍ കൃഷിയിടത്തിറങ്ങുന്നത്. ആനക്കര കപ്പൂര്‍ പഞ്ചായത്തില്‍ 1000കണക്കിന് വാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമാക്കി കൃഷി ചെയ്ത നേന്ത്രവാഴകള്‍ വരെ പലയിടത്തും നശിപ്പിക്കപ്പെട്ടു. കടം വാങ്ങിയും ലോണെടുത്തു കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ തിരിച്ചടവിന് വഴിയില്ലാതെ നട്ടം തിരിയുകയാണ്. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് കര്‍ഷകരെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.