ആനക്കര: ലൈസൻസ് മാനദണ്ഡം പാലിക്കാതെ വെടിക്കോപ്പുകൾ വീട്ടിൽ സൂക്ഷിക്കുകയും അപകടം വരുത്തുകയും ചെയ്തതിന് ആനക്കര മലമൽക്കാവ് സ്വദേശി കുന്നുമ്മേൽപറമ്പ് പ്രഭാകരനെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഞായറാഴ്ച രാത്രി എട്ടരക്ക് പ്രഭാകരന്റെ വീടിന്റെ ടെറസിൽ സൂക്ഷിച്ച വെടിക്കോപ്പുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. പ്രഭാകരന്റെ ഭാര്യ ശോഭന (55), മരുമകൾ വിജി (30), മക്കളായ സച്ചു (ഒമ്പത്), സനു (അഞ്ച്), അയൽവാസി സതി (50) എന്നിവർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരും റവന്യു വകുപ്പും പൊലീസും പരിശോധന നടത്തി. അപകടത്തിന്റെ വ്യാപ്തിയും കാരണവും പ്രഹരശേഷിയും വിശദമായി പരിശോധിച്ചു. വീടിന് പൊലീസ് കാവൽ ഏര്‍പ്പെടുത്തി.
അപകടത്തിൽ പ്രഭാകരന്റെ വീട് പൂർണമായി തകർന്നു. പത്ത് കിലോ മീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായി. സമീപത്തെ പത്തോളം വീടുകൾക്ക് തകരാർ സംഭവിച്ചതായും നാശനഷ്ടത്തിന്റെ കണക്കെടുത്തുവരികയാണന്നും പട്ടാമ്പി തഹസില്‍ദാര്‍ ടി.പി. കിഷോര്‍ അറിയിച്ചു. പ്രദേശത്ത് അനധികൃത വെടിക്കോപ്പുകളുടെ നിർമാണം തകൃതിയാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. പാരമ്പര്യമായി ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും വേണ്ടത്ര രേഖകള്‍ ഇല്ല. അധികൃതര്‍ പരിശോധനക്കെത്തുമ്പോള്‍ ഇവയെല്ലാം ജോലിക്കാരുടെ വീടുകളിലേക്ക് മാറ്റുന്ന രീതിയുമുണ്ട്. പണിശാലകളില്‍ സ്ഫോടകവസ്തുക്കള്‍ കാണില്ലെങ്കിലും അധികൃതരുടെ കണ്ണില്‍പെടാതെ ഇവയെല്ലാം സുരക്ഷിതമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.