ആനക്കര: പേപ്പട്ടിയുടെ പരാക്രത്തില് പരിക്കേറ്റവര്‍ക്ക് അടിയന്തരമായി പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ തീരുമാനം. കഴിഞ്ഞദിവസം കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളുടെ സംയുക്താഭ്യമുഖ്യത്തില്‍ നടന്ന ബോധവത്കരണ യോഗത്തിലാണ് തീരുമാനം. ഏകദേശം 30ലധികം പേര്‍ക്കാണ് ഇരുപഞ്ചായത്തുകളിലുമായി പേപ്പട്ടിയുടെ കടിയേറ്റത്. എന്നാല്‍, അടുത്തദിവസങ്ങളിലായി കപ്പൂരില്‍ വീട്ടമ്മയും പട്ടിത്തറയില്‍ വിദ്യാർഥിയും പേ വിഷബാധയേറ്റ് മരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
വീട്ടമ്മ നേരത്തെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചെങ്കിലും വിഷബാധയേറ്റാണ് മരണം. എന്നാല്‍, നായ് കടിച്ചില്ലെന്ന വിദ്യാർഥിയുടെ വാക്ക് മുഖവിലക്കെടുത്തതിനാല്‍ ചികിത്സ നല്‍കിയതുമില്ല.
അതേസമയം, പരിക്കേറ്റവര്‍ പ്രതിരോധ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും അവരുമായി ബന്ധപ്പെട്ടവര്ക്കുകൂടി പ്രതിരോധ നടപടി സ്വീകരിക്കേണ്ടിവരും. വിഷബാധ ലക്ഷണമുള്ളവരുമായുണ്ടായ ഇടപഴകലില്‍ അറിയാതെ ഉണ്ടായേക്കാവുന്ന ചെറിയ മുറിവുകളോ മറ്റോ പിന്നീട് ലക്ഷണങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല, നിരവധി വളര്‍ത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തണ്ണീർക്കോട് കൂട് തകര്‍ത്തശേഷം ആടിനെ കടിച്ചു.
ഇവയിലൂടെയും മറ്റു തെരുവ് നായ്ക്കള്‍ വഴിയും പകരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. പടിഞ്ഞാറങ്ങാടി സാസ് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ആമിന കുട്ടി അധ്യക്ഷയായി.
കപ്പൂർ മെഡിക്കൽ ഓഫിസര്‍മാരായ ഭാഗ്യനാഥ്, കിഷോര്‍, വെറ്ററിനറി സർജൻ ബാലൻ തുടങ്ങിയവർ ബോധവത്കരണ ക്ലാസെടുത്തു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. രവീന്ദ്രൻ, മെംബർമാരായ ഹൈദർ അലി, പി. ശിവൻ, എം. രാധിക, അലി, അലി കുമരനല്ലൂർ, വി. ഇക്ബാൽ, ആരോഗ്യ പ്രവർത്തകരായ പ്രമോദ് ചീരൻ, അൻവർ, റഫീഖ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.