ആനക്കര: ശ്രീജക്ക് ഇനി പ്രിയപ്പെട്ട കുട്ടികൾ നിർമിച്ചുനൽകിയ വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാം. ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ വീട് മേലെഴിയം സ്വദേശി ശ്രീജക്ക് വ്യാഴാഴ്ച കൈമാറും. ആരോഗ്യപ്രശ്നങ്ങൾ മൂലം ശ്രീജയുടെ വീട് നിർമാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
കുമ്പിടി പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ വളന്‍റിയർ കൂടിയായ ശ്രീജയെ പാലിയേറ്റിവ് പ്രവര്‍ത്തനത്തിനിടയിൽ പരിചയപ്പെട്ട എൻ.എസ്.എസ് വിദ്യാർഥികൾ വീട് പണി പൂർത്തിയാക്കി നൽകാൻ തീരുമാനമെടുത്തു. ടൈലിടൽ, പ്ലംബിങ്, വയറിങ്, ജനലുകളും വാതിലുകളും വെക്കൽ, ശുചിമുറി നിർമാണം, പെയിന്‍റിങ്, ഫിറ്റിങ്സ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വിദ്യാർഥികൾ പൂർത്തിയാക്കി.
2020ൽ പ്രവൃത്തി തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യം മൂലം നീണ്ടുപോകുകയായിരുന്നു. ഒട്ടുമിക്ക ജോലികളിലും കുട്ടികൾ സഹായികളായി. ജനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവനകളും നിർമാണ വസ്തുക്കളും ശേഖരിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.പി. സതീഷിന്‍റെയും എൻ.എസ്.എസ് ലീഡർമാരായ മിഥുൻ മാധവ്, നിബ്രാസുന്നീസ, എ.സി.എസ്. ആദർശ്, അർച്ചന എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.