ആനക്കര: വള്ളുവനാട്ടിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിലൊന്നായ ആലൂര് ചാമുണ്ഡിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ നിത്യനിദാന ചടങ്ങുകളോടെ ഉത്സവ പരിപാടിക്ക് തുടക്കമായി. തുടര്‍ന്ന് കൂത്തുമാടത്തില്‍ രാവണവധം, കൂത്തരങ്ങേറിയപ്പോള് ക്ഷേത്രത്തില്‍ തിറകളെത്തി കൊട്ടിക്കയറി. ഈ ചടങ്ങിനുശേഷം തിറകള്‍ വീടുകള്‍ കയറിയിറങ്ങി ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി.
ഉച്ചക്കുശേഷം പള്ളിക്കുളങ്ങര അയ്യപ്പ ക്ഷേത്രത്തില്‍നിന്ന് തൃപ്രമണ്ട നടരാജ വാര്യര്‍, കോങ്ങാട് രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും ചാലിശ്ശേരി മണികണ്ഠന്റെ നേതൃത്വത്തിലുള്ള മേളം അകമ്പടിയോടെ ദേവസ്വം ആന എഴുന്നള്ളിപ്പ്.
വൈകീട്ട് മൂന്നോടെ നാട്ടുവഴികളെ ധന്യമാക്കി നാടന്‍ കലാരൂപങ്ങളുടെ നിറക്കാഴ്ചയൊരുക്കി കൊടിവരവുകളെത്തി. വൈകീട്ട് ദീപാരാധന, ഓങ്ങല്ലൂര്‍ ശങ്കരന് കുട്ടിനായരുടെ നേതൃത്വത്തില്‍ നാദസ്വര കച്ചേരി, രാത്രി കല്‍പ്പാത്തി ബാലകൃഷ്ണന്, ചിറക്കല്‍ നിതീഷ് എന്നിവരുടെ ഡബിള്‍ തായമ്പക, തുടര്‍ന്ന് ആയിരംതിരി കത്തിക്കല്‍, പുലര്‍ച്ച ആലൂര് സെന്ററില്‍നിന്ന് ആന, പഞ്ചവാദ്യം, താലം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, തുടര്‍ന്ന് കൂത്ത് എന്നിവക്കുശേഷം രാവിലെ ആറിന് നടന്ന കൂറ വലിക്കല് ചടങ്ങോടെ ഉത്സവ പരിപാടികള്‍ക്ക് സമാപനമായി.
കോങ്ങാട്: എഴക്കാട് കുന്നപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി വർണാഭമായി. ഒരു മാസം നീണ്ട തോൽപാവക്കൂത്തിന് സമാപനം കുറിച്ചാണ് കുമ്മാട്ടി ആഘോഷിച്ചത്. രാവിലെ പൂതൻ തിറകൾ, കരിവേഷങ്ങൾ എന്നിവ ഗൃഹസന്ദർശനം നടത്തി. വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രയാണമാരംഭിച്ച 20ലധികം ദേശവേലകൾ രാത്രിയോടെ ക്ഷേത്ര മൈതാനിയിൽ സംഗമിച്ചു. കാള, കുതിര, ഇണക്കാള, നാടൻ കലാരൂപങ്ങൾ, വണ്ടിവേഷങ്ങൾ, നാദസ്വരം, പൂക്കാവടി, ചെണ്ടമേളം, ബാൻഡ് വാദ്യം എന്നിവ ദേശ വേലകൾക്ക് കൊഴുപ്പേകി. രാത്രി പാനചാട്ടം അരങ്ങേറി. കൂത്ത് മാടം കയറൽ, ശ്രീരാമ പട്ടാഭിഷേകം എന്നിവയും ഉണ്ടായി.
വടവന്നൂർ: മന്ദത്ത് ഭഗവതി ക്ഷേത്രത്തിൽ കുമ്മാട്ടി ഉത്സവത്തിന് തുടക്കമായി. മന്ദത്ത് കാവ്, മഴൂർകാവ്, മന്ദം പുള്ളി, ചീർമ്പക്കാവ്, പുതുക്കുളിക്കാവ്, തിരുവില്വാംപൊറ്റ എന്നീ ദേശങ്ങളിലാണ് കുമ്മാട്ടി നടക്കുന്നത്. മാർച്ച് പത്ത് വരെ കണ്യാർകളിയും 12 മുതൽ മൂന്ന് ദിവസത്തേക്ക് ചക്കക്കള്ളൻ വേലയും നടക്കും. ഒന്നാം കുമ്മാട്ടി വെള്ളിയാഴ്ച വൈകീട്ട് മഴൂർ കാവിൽനിന്ന് പുറപ്പെട്ടു. മാർച്ച് ഒമ്പതിന് എഴുന്നള്ളത്തോടെ ആറാം കുമ്മാട്ടി നടക്കും. നായർ വിഭാഗത്തിന്റെ ഒന്നാം കുമ്മാട്ടിക്ക് തിരുവില്വാംപൊറ്റ ശിവക്ഷേത്രത്തിൽ പകൽ കുമ്മാട്ടിയോടെ തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.