കൊല്ലങ്കോട്: പലിശക്കാരുടെ നിരന്തര ഭീഷണിയുടെ മറ്റൊരു രക്തസാക്ഷിയായിരിക്കുകയാണ് കണ്ണൻകുട്ടി. കടബാധ്യതയുടെ കണക്കുകൾ കണ്ണൻകുട്ടിയുടെ മാനസിക നില തെറ്റിച്ചിരുന്നു. 1.75 ലക്ഷം രൂപയാണ് നെന്മാറ കേന്ദ്രീകരിച്ചുള്ള വട്ടിപ്പലിശക്കാരിൽ നിന്നുമാത്രം വായ്പയെടുത്തിരുന്നത്. മൂന്ന് ലക്ഷത്തിലധികം തിരിച്ചടച്ചിട്ടും ഇവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത് തുടർന്നതാണ് മരണത്തിന് വഴിവെച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ക്രഷറിൽ ഡ്രൈവറായ കണ്ണൻകുട്ടിക്ക് ലോക്ഡൗണിൽ തൊഴിൽ നഷ്ടമായിരുന്നു. ലോക്ഡൗണിന് മുമ്പും ശേഷവുമായി മകളുടെ വിവാഹത്തിനും മകെൻറ ഗൾഫ് യാത്രക്കുമായി നാല് ലക്ഷത്തിലധികം രൂപ സഹകരണ ബാങ്കുകളിൽ നിന്നും മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിനിടെ മകന് ഗൾഫിൽനിന്ന് തിരിച്ചുവരേണ്ടി വന്നതോടെ കൂടുതൽ സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ലോക്ഡൗണിൽ പ്രതിസന്ധി വർധിച്ചതോടെ പുതിയ ജോലി കണ്ടെത്താൻ കണ്ണൻകുട്ടി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടൊപ്പം വട്ടിപ്പലിശക്കാരുടെ ഭീഷണി അധികരിച്ചു. ഒരു വായ്പ അടയ്ക്കാൻ മറ്റൊരു വായ്പയെടുക്കേണ്ട സ്ഥിതിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വട്ടിപ്പലിശക്കാരുടെ ശല്യം വർധിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് താൽക്കാലികമായി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ബ്ലേഡ് മാഫിയ
വീട്ടിലെത്തി അസഭ്യവാക്കുകൾ പറഞ്ഞ് ഭീഷണി തുടരുകയായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന കർഷകകുടുംബമായ കണ്ണൻകുട്ടിയുടെ അകാലത്തിലുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. വട്ടിപ്പലിശക്കാർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വേലുക്കുട്ടിയുടെ ആത്മഹത്യ: മറ്റ് പ്രതികൾക്കായി അന്വേഷണം ഉൗർജ്ജിതം
മുട്ടിക്കുളങ്ങര: ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ കർഷകനായ വള്ളിക്കോട് പാറലോടി വീട്ടിൽ വേലുക്കുട്ടി (56) ജീവനൊടുക്കിയ സംഭവത്തിൽ കുടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. ഹേമാംബിക നഗർ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒരാഴ്ച മുമ്പാണ് വേലുക്കുട്ടിയെ വീടിനടുത്തുള്ള തീവണ്ടി പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
കേസിൽ കഴിഞ്ഞ ദിവസം പാലക്കാട് മേപ്പറമ്പ് കല്ലേക്കാട് അഞ്ജലിയിൽ സുധാകരനെ (46) അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രനഗർ കറപ്പത്ത് ദേവദാസ് എന്ന ദേവൻ, സഹോദരൻ പ്രകാശ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികൾക്കായി അന്വേഷണം പൊലീസ് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഒളിവിൽ പോയ പ്രതികൾ കേരളത്തിെൻറ അതിർത്തി വിടാതിരിക്കാനും പൊലീസ് വലവിരിച്ചതായാണ് സൂചന. 2016ൽ മകളുടെ വിവാഹത്തിന് പ്രതികളിൽനിന്ന് വേലുക്കുട്ടി മൂന്ന് ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. അര ലക്ഷം രൂപ വരെ പ്രതിമാസം പലിശ ഇനത്തിൽ നൽകിയിരുന്നു. അഞ്ച് വർഷകാലയളവിൽ 10 ലക്ഷം രൂപ വരെ നൽകി. പലിശയും കൂട്ടുപലിശയും നൽകിയിട്ടും മുദ്രപത്രങ്ങളിലും ചെക്കിലും നിർബന്ധിച്ച് ഒപ്പിട്ട് വാങ്ങി.
വേലുക്കുട്ടിയുടെ പേരിലുള്ള 35 സെൻറ് ഭൂമി പലിശക്കാർക്ക് നൽകാനുള്ള 20 ലക്ഷം രൂപക്ക് പകരമായി പ്രതികളുടെ പേരിൽ എഴുതി നൽകണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഭൂമി എഴുതി വാങ്ങിക്കുന്നതിനായി പ്രതികൾ വീട്ടിൽ വരുമെന്ന് പറഞ്ഞിരുന്നു. ഈ ഭീഷണി ഭയന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ വിജയകുമാരി പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം, അമിത പലിശ നിരോധന നിയമം, പണവായ്പ നിയമം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കേസന്വേഷണം നടത്താൻ പ്രത്യേക ടീമിനെ ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. സബ് ഇൻസ്പെക്ടർമാരായ എ. അനൂപ്, വിജയകുമാർ, ശിവചന്ദ്രൻ, സിവിൽ പൊലീസ് ഒാഫിസ൪മാരായ ബിജു, സി.എൻ. സതീഷ്, രാഹുൽ, നാസ൪, ഉഷാദേവി, വിനിത എന്നിവരുടെ സംഘം മൂന്നായി തിരിഞ്ഞു മൂന്ന് പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.
കടം തരുേമ്പാൾ സൗമ്യം, അടവ് മുടങ്ങിയാൽ രൗദ്രം
പാലക്കാട്: കോവിഡ് താണ്ഡവത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നിരവധി വ്യാപാര തൊഴിൽ മേഖലകളാണ് പ്രതിസന്ധിയിലായത്. മൂന്നാം തരംഗം മുന്നിൽ കണ്ട് വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന് അയവില്ലാതായതോടെ പ്രതിസന്ധി വർധിക്കുകയാണ്.
ലോക്ഡൗണിൽ വരുമാനം നിലച്ചവരുടെ ദുരിതസ്ഥിതി മുതലാക്കി രക്ഷകരുടെ രൂപത്തിലാണ് വട്ടിപ്പലിശക്കാരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും എത്തുക. മോഹന വാഗ്ദാനങ്ങളിൽ പെട്ട് പണം കടംവാങ്ങുന്ന ഉപഭോക്താക്കൾ ഏതാനും മാസങ്ങൾക്കകം തങ്ങൾ പെട്ട കെണി തിരിച്ചറിയാൻ തുടങ്ങും. അപ്പോഴേക്കും പലരുടെയും കടം രക്ഷയില്ലാത്ത വിധം അധികരിച്ചിരിക്കും.
ജില്ലയിൽ ഒരാഴ്ചക്കിടെ രണ്ടുപേരാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. രണ്ടുപേരുടെയും കടം കുത്തനെ വർധിച്ചതാകെട്ട ലോക്ഡൗൺ കാലയളവിലും. ലോക്ഡൗൺ മാസങ്ങൾ പിന്നിട്ടതോടെ വായ്പ എടുത്തവർക്ക് മേൽ കത്ത് മുേഖനയും ഫോണിലൂടെയും നേരിട്ടും തിരിച്ചടവിന് സമർദവുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ സജീവമായി. മൈക്രോ ഫൈനാൻസ് വായ്പയെടുത്ത് കുരുക്കിലായ ആറ് പേർ 2018 മേയിൽ തേങ്കുറുശ്ശിയിൽ ആത്മഹത്യ ചെയ്തിരുന്നു.
മിന്നുന്ന പൊന്നിൻ കുരുക്ക്
സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നവർ പലപ്പോഴും അടിയന്തര ആശ്വാസം കണ്ടെത്തുന്നത് സ്വർണാഭരണങ്ങൾ പണയം െവച്ചാണ്. സ്വർണത്തിെൻറ വിപണി വിലയുടെ 90 ശതമാനം വരെ വായ്പ നൽകുന്നതിനാലും നിമിഷനേരം കൊണ്ട് സംഖ്യ ലഭിക്കുമെന്നതിനാലും സാധാരണക്കാരിൽ പലരും പണയം വെക്കാൻ ആശ്രയിക്കുന്നത് ന്യു ജനറേഷൻ ധനകാര്യ സ്ഥാപനങ്ങളെയാണ്. സഹകരണ സ്ഥാപനങ്ങളും സർക്കാർ ധനകാര്യ സ്ഥാപനങ്ങളും നാല് മുതൽ 14 ശതമാനം വരെ പലിശ ഈടാക്കുമ്പോൾ സ്വകാര്യ സ്ഥാപനങ്ങൾ 24 ശതമാനത്തിൽ മുകളിലാണ് പലിശ വാങ്ങുന്നത്.
ലോക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി പേരാണ് സ്വർണപണയ വായ്പയെടുത്തത്. വായ്പയുടെ കാലാവധി എത്തിയതോടെ പല ധനകാര്യ സ്ഥാപനങ്ങളും ലേലക്കത്ത് അയച്ചതോടെ എങ്ങനെ തിരിച്ചടവ് നടത്തുമെന്ന് ആശങ്കയിലാണ് വായ്പയെടുത്തവർ.
നെന്മാറയിൽ ഡസനിലധികം സ്വകാര്യ പണമിടപാടുകാർ
നെന്മാറ: നെന്മാറ ടൗൺ കേന്ദ്രീകരിച്ച് ഡസനിലധികം സ്വകാര്യ പണമിടപാടുകാർ പ്രവർത്തിക്കുന്നു. വ്യാപാരവും മറ്റും കോവിഡുകാലത്ത് നഷ്ടമായതോടെ ഭൂരിഭാഗം വ്യാപാരികളും കച്ചവടത്തിനായി ആശ്രയിക്കുന്നത് ഇത്തരം സ്വകാര്യ പണമിടപാടുകാരെയാണ്. പണം കിട്ടാതെ വരുമ്പോൾ കടമെടുത്തയാളെ ഭീഷണിപ്പെടുത്തിയും മറ്റും പണവും പലിശയും ഈടാക്കാൻ ഇവർ ശ്രമിക്കുന്നത് സാധാരണ സംഭവമാണ്.
ഇതിനെതിരെ പരാതിപ്പെട്ടാൽ പോലും അന്വേഷണം നടത്താൻ ഉത്തരവാദപ്പെട്ടവർ കൂട്ടാക്കാറില്ല. കൃഷിയും വ്യാപാരവും മറ്റും നിലനിർത്താനായി വായ്പയും മറ്റും സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾ നൽകാറുണ്ടെങ്കിലും ഇതിനായി സമർപ്പിക്കേണ്ട രേഖകൾക്കായുള്ള ബുദ്ധിമുട്ടാണ് പലരെയും ഇത്തരം സ്വകാര്യ വായ്പ സംഘങ്ങളെ ആശ്രയിക്കാനിടയാക്കുന്നത്.
ഇവരിൽ നിന്ന് ഈടില്ലാതെ എത്ര തുക വേണമെങ്കിലും ലഭിക്കും. എന്നാൽ, ഭീമമായ തുകയാണ് പലിശ. ഗ്രാമപ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ ഇത്തരം സംഘങ്ങൾ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.