ഒറ്റപ്പാലം: കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വീട്ടമ്മയിൽനിന്ന് കൈക്കൂലി വാങ്ങിയ രണ്ട് റവന്യൂ ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണൽ ഓഫിസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത് ജി. നായർ, വില്ലേജ് ഓഫിസർ കെ.പി. നജ്മുദ്ദീൻ എന്നിവരാണ് പിടിയിലായത്. വെള്ളിനേഴി കുറ്റാനാശ്ശേരി സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ അമ്മയുടെ പേരിലുള്ള 40 സെന്റ് ഭൂമിയുടെ പട്ടയത്തിനായി ഇവർ ലാൻഡ് ൈട്രബ്യൂണലിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
പട്ടയം അനുവദിക്കുന്നതിന് വെള്ളിനേഴിയിലെ വില്ലേജ് ഓഫിസിൽനിന്ന് സാക്ഷ്യപത്രങ്ങൾ ആവശ്യമാണെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അവർ വെള്ളിനേഴി വില്ലേജ് ഓഫിസിലെത്തി. രേഖകൾ അനുവദിക്കണമെങ്കിൽ 12,000 രൂപ കൈക്കൂലിയായി നൽകണമെന്ന് വില്ലേജ് ഓഫിസർ നജ്മുദ്ദീൻ ആവശ്യപ്പെട്ടു. സാമ്പത്തികമായി മോശം അവസ്ഥയിലാണെന്നും ഇത്രയും തുക നൽകാനില്ലെന്നും പരാതിക്കാരി അറിയിച്ചു. ഇതേതുടർന്ന് 10,000 രൂപയെങ്കിലും നൽകാതെ രേഖകൾ അനുവദിക്കാനാവില്ലെന്ന് നജ്മുദ്ദീൻ തീർത്തുപറഞ്ഞു. ഈ സാഹചര്യത്തിലാണ് അവർ വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് അടയാളമിട്ട് നൽകിയ പണവുമായി പരാതിക്കാരി തിങ്കളാഴ്ച വില്ലേജ് ഓഫിസിലെത്തിയപ്പോൾ ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണൽ ഓഫിസിലെ സീനിയർ ക്ലർക്കായ ശ്രീജിത്ത് ജി. നായരെ കണ്ട് പണം ഏൽപിക്കാൻ നജ്മുദ്ദീൻ നിർദേശിക്കുകയായിരുന്നു. ശ്രീജിത്തിന്റെ മൊബൈൽ ഫോൺ നമ്പറും പരാതിക്കാരിക്ക് നജ്മുദ്ദീൻ നൽകി. നിർദേശിച്ച പ്രകാരം ഉച്ചക്ക് ഒന്നോടെ ഒറ്റപ്പാലം ലാൻഡ് ൈട്രബ്യൂണൽ ഓഫിസിലെത്തിയ രാധ ശ്രീജിത്തിനെ കണ്ടെത്തി പണം കൊണ്ടുവന്നതായി അറിയിച്ചു. താഴെ പാർക്ക് ചെയ്ത തന്റെ ബൈക്കിന്റെ കവറിൽ പണം വെക്കാൻ ശ്രീജിത്ത് ആവശ്യപ്പെടുകയും അപ്രകാരം പ്രവർത്തിച്ചെന്ന് ബോധ്യപ്പെട്ടശേഷം ഇവരുടെ രേഖകൾ ശരിയാക്കി നൽകുകയും ചെയ്തു.
തുടർന്ന് ബൈക്കിന് സമീപമെത്തി കവറിൽനിന്ന് 10,000 രൂപ എടുക്കുന്നതിനിടെയാണ് വിജിലൻസ് സംഘം ശ്രീജിത്തിനെ പിടികൂടിയത്. ശ്രീജിത്തിനെ കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുകയും അതിനായി നിർദേശം നൽകുകയും ചെയ്തതിന്റെ പേരിലാണ് നജ്മുദ്ദീൻ പിടിയിലായത്. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ഇവരെ വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതികളെ തൃശൂര്‍ വിജിലൻസ് കോടതിയിൽ ഹാജരാക്കി. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ ഗിരിലാല്‍, ഫിറോസ്, സബ് ഇൻസ്പെക്ടര്‍മാരായ ബി. സുരേന്ദ്രന്, മനോജ്കുമാര്‍, മണികണ്ഠന്, അസി. സബ് ഇൻസ്പെക്ടര്‍മാരായ ബിനു, ബൈജു, എസ്.സി.പി.ഒമാരായ പി.ആർ. രമേശ്, സലേഷ്, സി.പി.ഒമാരായ പ്രമോദ്, ബാലകൃഷ്ണന്, എം. സിന്ധു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.