പാലക്കാട്: 'ആ സ്പാനറിങ്ങെടുത്തേ ഇപ്പോ ശരിയാക്കിത്തരാം' മലയാളികൾ കേട്ടുചിരിച്ച സിനിമ ഡയലോഗ് പോലെ പാലക്കാട് നഗരഹൃദയത്തിൽ ഒരു റോഡുണ്ട്. നഗരത്തിെൻറ മാസ്റ്റർ പ്ലാനിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ഉൾപ്പെട്ട് നിർമാണമാരംഭിച്ചിട്ടും കഷ്ടി ഒരുകിലോമീറ്റർ അപ്പുറം കുറ്റിക്കാട്ടിൽ അവസാനിക്കുന്ന സ്റ്റേഡിയം സ്റ്റാൻഡിന് പിറകിലെ ബൈപാസ് റോഡ് പദ്ധതി മോക്ഷം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. മാറിയെത്തുന്ന ഭരണസമിതികൾ 'ദിപ്പോ ശരിയാക്കാം' എന്നുപറഞ്ഞെത്തി 'പിന്നെ ശരിയാക്കാം' എന്ന മട്ടിൽ കൈയൊഴിഞ്ഞതിെൻറ കഥ പറയുന്ന റോഡ്!
• നഗരത്തിെൻറ സ്വപ്നവും ഭൂവുടമകളുടെ ദുഃഖവും
'മാറി മാറിയെത്തിയ സർക്കാറുകളുടെ പരിഗണന കാത്ത് ഇൗ വഴിയിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചില സാേങ്കതിക പ്രശ്നങ്ങളിൽ കുരുങ്ങിയാണ് റോഡിവിടെ അവസാനിച്ചത്' ഭംഗിയായി ടാർ ചെയ്ത് സജ്ജീകരിച്ച റോഡ് െപാടുന്നനെ അവസാനിക്കുന്ന കുറ്റിക്കാടിന് മുന്നിൽനിന്ന് നഗരവാസിയായ ശിവൻ പറഞ്ഞുനിർത്തി. പൂർത്തിയായിരുന്നെങ്കിൽ വളരെയേറെ ഉപയോഗപ്രദമായ പദ്ധതി പാതിവഴിയിൽ നിലച്ചതെങ്ങനെയെന്ന ചോദ്യത്തിന് പലർക്കും പലതാണ് കാരണങ്ങൾ. പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കുന്നത് നഗരസഭയും പ്രവൃത്തി നിർവഹണം പൊതുമരാമത്ത് വകുപ്പുമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് എം.എൽ.എ ഫണ്ടടക്കം ഉൾപ്പെടുത്തി റോഡ് യാഥാർഥ്യമാക്കാൻ നടത്തിയ ശ്രമം ഭൂമി ഏറ്റെടുക്കുന്നതിൽ ഭൂവുടമകളുമായി സ്വരച്ചേർച്ചയിലെത്താൻ സാധിക്കാതായതോടെ പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.
• ഇന്നർ റിങ് റോഡിലെ അപൂർണത
80കളിൽ തയാറാക്കിയ നഗരസഭ മാസ്റ്റർ പ്ലാൻ 'ഇന്നർ റിങ്' റോഡുകളും 'ഒൗട്ടർ റിങ്' റോഡുകളും വിഭാവനം ചെയ്തിരുന്നു. ഇതിൽ ഇന്നർ റിങ് പദ്ധതിയിൽ ഉൾപ്പെട്ടതാണ് സ്റ്റേഡിയം സ്റ്റാൻഡിനോട് അനുബന്ധമായി പൂർത്തിയാവാതെ കിടക്കുന്ന റോഡെന്ന് നഗരസഭ മുൻ എക്സി. എൻജിനീയർ സ്വാമിദാസ് പറഞ്ഞു. പദ്ധതിയിൽ ഉൾപ്പെട്ട ഏകദേശം റോഡുകളും പൂർത്തിയായെങ്കിലും സ്റ്റേഡിയം ബസ് സ്റ്റാൻഡിനോട് ചേർന്ന ബൈപാസ് റോഡ് അപവാദമായി തുടരുകയാണ്.
സ്മിതേഷ്
(നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
ഇന്നർ റിങ് റോഡ് സംബന്ധിച്ച അന്തിമ സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസം നഗരസഭക്ക് ലഭിച്ചിട്ടുണ്ട്. അടിയന്തരമായി റോഡ് പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കും. ഒരു മുൻധാരണയുമില്ലാതെ ഒരുവിഭാഗം ഉദ്യോഗസ്ഥരും അക്കാലത്തെ ഭരണസമിതിയും ചേർന്ന് കോടികളാണ് റോഡിെൻറ പേരിൽ പാഴാക്കിയത്. നിലവിൽ ജില്ല ഭരണകൂടത്തെയും എം.എൽ.എ അടക്കമുള്ളവരെയും ഉൾപ്പെടുത്തി ഭൂമി ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം.
•'സാധ്യത' തട്ടിക്കൂട്ടിയ റോഡുപണി
ബൈപാസ് റോഡ് നിർമിക്കുന്നതിനായി ഭൂവുടമകളുമായി തത്ത്വത്തിൽ ധാരണായിരുന്നെങ്കിലും അക്കാലത്ത് അത് രേഖാമുലം സ്ഥിരീകരിക്കാതിരുന്നതാണ് വീഴ്ചയായത്. കാലം മാറിയതോടെ ഭൂമിയുടെ വിലയും മാറി. ഇതിനിടെ 2010--2011ലെ ഭരണസമിതി റോഡ് നിർമാണവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഭൂവുടമകളിൽ ഒരാൾ ഭൂമി വിട്ടുനൽകുന്നതിൽനിന്ന് പിന്മാറി. പാതിവഴിയിൽ നിലച്ച റോഡിൽ കോടികൾ ഒഴുക്കിയത് മിച്ചം. സാധ്യത പഠനം പോലും കൃത്യമായി നടത്താതെ കോടികൾ മുടക്കി പാതിവഴിയിൽ നിലച്ച റോഡ് നിർമാണത്തിൽ അഴിമതിയാേരാപണവും ഉയർന്നിരുന്നു. സാധ്യത പഠനമില്ലാതെ പദ്ധതിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം അടുത്തിടെ വീണ്ടും കൗൺസിൽ യോഗത്തിൽ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.