പാലക്കാട് /അലനല്ലൂർ: രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണ കാലത്തിന് ബുധനാഴ്ചയോടെ കൊടിയിറക്കം. കൊട്ടിക്കലാശത്തോടെയാകും വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിന്റെ സമാപനം. സ്ഥാനാർഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകളിൽ മൈക്ക് അനൗൺസ്മെന്റും റോഡ് ഷോയുമായി സ്ഥാനാർഥികൾ കളം നിറയും. കടുത്ത ചൂടിനെപ്പോലും തോൽപ്പിച്ചാണ് സ്ഥാനാർഥികൾ ഇത്തവണ പോരിനിറങ്ങുന്നത്.
പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കുമെങ്കിലും വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ അടവുകൾ തെരഞ്ഞെടുപ്പ് ദിനം വരെ തുടരും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാൻ അവർക്ക് തുടർന്നും മണിക്കൂറുകൾ ബാക്കിയുണ്ട്. ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറെ നിർണായകമായാണ് മുന്നണികൾ ഈ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ തങ്ങൾക്കനുകൂലമായ ഓരോ വോട്ടും പെട്ടിയിൽ വീഴിക്കാനുള്ള പരിശ്രമത്തിലാണ് നേതാക്കളും അണികളും. വോട്ടു ചെയ്യാൻ മാത്രമായി സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവരും വിദേശത്തു നിന്നുള്ളവരുമെല്ലാം നാട്ടിലെത്തുന്നുമുണ്ട്. 26ന് കേരളം വിധിയെഴുതുമെങ്കിലും ഫലമറിയാൻ ഒരു മാസത്തിലധികം കാത്തിരിക്കണം.
പാലക്കാട്: വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയിലുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ വേതനത്തോടുകൂടി അവധി നല്‍കണമെന്ന് ലേബര്‍ കമീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ഐ.ടി മേഖല, പ്ലാന്റേഷന് മേഖല എന്നിവയുള്‍പ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491-2505584.
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണത്തിന്റെ കൊട്ടിക്കലാശം ബുധനാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ സ്റ്റേഡിയം പരിസരത്ത് നടക്കും. റാലികള്‍ മൂന്ന് റോഡുകളില്‍ കൂടി എത്തി സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ല പൊലീസ് വിഭാഗം അധികൃതര്‍ അറിയിച്ചു.
സ്റ്റേഡിയം ബൈപ്പാസ് റോഡ് വഴിയും സുല്‍ത്താന്‍പേട്ട വഴിയും കല്‍മണ്ഡപം-പാലക്കാട് റോഡ് വഴിയും റാലികള്‍ സ്റ്റേഡിയം പരിസരത്തെത്തും. വൈകീട്ട് ആറിന് കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി.ജെ, നാസിക് ഡോള്‍ എന്നിവ അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ തന്നെ റാലി സംഘടിപ്പിക്കണമെന്നും സമയ ക്ലിപ്തത പാലിക്കണമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.