അലനല്ലൂർ: കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് വീട്ടിലെ ഷെഡില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മതില് തകര്‍ത്ത് അടുത്ത വളപ്പിലെ പൊട്ടക്കിണറിലേക്ക് വീഴാറായ കാര്‍ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്തു.
കഴിഞ്ഞദിവസം രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ഓങ്ങല്ലൂര്‍ വീട്ടില്‍ മുഹമ്മദലിയുടെ കാറാണ് അപകടത്തില്‍പെട്ടത്. കുടുംബവുമൊത്ത് പുറത്തുപോയി വന്നശേഷം അടുക്കള ഭാഗത്തുള്ള ഷെഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഭാര്യയും കുട്ടികളേയും വീടിനുമുന്നില്‍ ഇറക്കിയ ശേഷമാണ് കാര്‍ നിര്‍ത്തിയിടാന്‍ പോയത്. മതിലിന് അരികിലായാണ് ഏകദേശം ഇരുപതടിയോളം താഴ്ചയുള്ള കിണറുണ്ടായിരുന്നത്. ആള്‍മറയുണ്ടായിരുന്നില്ല. നിലം ഇടിയുകയും കാര്‍ മുന്നോട്ടാഞ്ഞ് മതിലിടിച്ച് തകര്‍ത്ത് താഴേക്ക് നീങ്ങുകയായിരുന്നു. തകര്‍ന്ന മതിലിന്റെ കല്ലുകള്‍ കൂടികിടന്നത് തുണയായി. പിന്‍ചക്രങ്ങള്‍ ഷെഡിനടുത്തും മുന്നിലെ ഒരുചക്രം കിണറിനടുത്ത് തറനിരപ്പിലും നിന്നതില്‍ വന്‍ദുരന്തം ഒഴിവായി. മുഹമ്മദാലി ഉടന്‍ കാറില്‍നിന്നും പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്തുനിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ. അജിത് മോന്റെ നേതൃത്വത്തിലെത്തിയ സേന അംഗങ്ങളായ സി. റിജേഷ്, എം. രമേഷ്, ആര്. രാഹുല്‍, ജി. അജീഷ്, എന്‍. അനില്‍കുമാര്‍, കെ.എം. നസീര്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ കാര്‍ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.