പാലക്കാട്: നഗരനിരത്തുകള്‍ കീഴടക്കി നാല്ക്കാലികള് വിലസുമ്പോഴും ഇവയെ പിടിച്ചുകെട്ടാനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ കടലാസില്‍ത്തന്നെ. ഇതുകാരണം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നഗരപാതകൾ എന്നും കന്നുകാലികൾ കൈയടക്കുകയാണ്. അപ്രതീക്ഷിതമായി കാലികൾ കുറുകെ ചാടുന്നതിനാൽ അപകടത്തിൽപ്പെട്ടവരും ഏറെ. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്.
ഇരുചക്രവാഹനം മുതൽ ആംബുലൻസ് വരെ ഇതുമൂലം അപകടത്തിൽപെട്ടിട്ടുണ്ട്. ഒലവക്കോട് ജങ്ഷന്, മലമ്പുഴ റോഡ്, പുത്തൂര്‍ നൂറടി റോഡ്, കല്‍മണ്ഡപം ബൈപാസ്, ചക്കാന്തറ, സ്റ്റേഡിയം സ്റ്റാൻഡ്, ജില്ല ആശുപത്രി പരിസരം, പട്ടിത്തറ ബൈപാസ്, മേലാമുറി-വലിയങ്ങാടി എന്നിവടങ്ങൾ രാപ്പകലോളം അലഞ്ഞുതിരിയുന്ന കാലികളുടെ താവളമാണ്. പകല്‍സമയത്ത് നഗരനിരത്തുകളില്‍ അലയുന്ന കന്നുകാലികളെ കൊണ്ടുപോകാന്‍ സന്ധ്യമയങ്ങിയാലും ഉടമസ്ഥരെത്താറില്ല.
തിരക്കേറിയ കവലകളിലും റോഡുകളിലും സംഘമായി കന്നുകാലികള്‍ ഗതാഗതതടസ്സം സൃഷ്ടിക്കുമ്പോള്‍ വാഹനയാത്രക്കാര്‍ നിസ്സഹായരാവുകയാണ്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കാലികളെ പിടിച്ചുകെട്ടാന്‍ കൊപ്പത്ത് ആല നിർമിച്ചെങ്കിലും ഫലം കണ്ടില്ല. നഗരത്തില്‍ അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളെ തരംതിരിച്ച് പിഴ തുകയും പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല കാലികളെ പിടിക്കാന്‍ വടക്കന്തറയിലെ ഒരുസംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഏറെനാള്‍ കഴിഞ്ഞതോടെ വഴിപാടുകളായി മാറി. നായപിടത്തവും പശുപിടത്തവും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയപ്പോൾ നഗരനിരത്തുകളില്‍ സാധാരണക്കാരുടെ ജീവനു ഭീഷണിയായ നാല്ക്കാലികള് വാഴുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.