ചിറ്റൂർ: മൊബൈൽ ആപ്പുകൾ വഴിയും ബ്ലേഡ് ഇടപാട്. വീട് കയറി ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഘങ്ങൾ വ്യാപകമാവുന്നു. മൊബൈൽ അപ്ലിക്കേഷനിലൂടെ ലോൺ നൽകുകയും കൊള്ളപ്പലിശ ആവശ്യപ്പെട്ട് ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘങ്ങളാണ് പാലക്കാട്ട് സജീവമാവുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘങ്ങളാണ് ഇപ്പോൾ സംസ്ഥനത്തുടനീളം പ്രവർത്തിക്കുന്നത്. ആകർഷകമായ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ ഇടപാടുകാരെ തേടുന്ന ഇവർ, കൊള്ളപ്പലിശ ഈടാക്കുകയാണ് ചെയ്യുന്നത്. എൻ.ബി.എഫ്.സി ആയി രജീസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇത്തരം അപ്ലിക്കേഷനുകൾ റിസർവ് ബാങ്കിന്റെ യാതൊരു നിബന്ധനകളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. 10,000 രൂപ ആവശ്യപ്പെട്ടാൽ 8,500 രൂപ നൽകുകയും 15 ദിവസത്തിന് പലിശയും ചേർത്ത് 11,500 രൂപ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. മുടങ്ങിയ തുക പലിശയും പിഴപ്പലിശയും ചേർത്ത് ഈടാക്കാൻ കളക്ഷൻ എക്സിക്യൂട്ടീവുകളെന്ന പേരിൽ ജീവനക്കാരെ വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യാറ്. ഇവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പരാതി വ്യാപകമാണ്.
പെരുവെമ്പ് സ്വദേശിയായ യുവാവ് ഇത്തരം ആപ്പിലൂടെ ലോണെടുത്ത് കുടുങ്ങിയിരിക്കുകയാണ്. പലിശയും മുതലും തിരിച്ചടച്ചിട്ടും വീണ്ടും പണമാവശ്യപ്പെട്ട് ആളുകൾ വീട്ടിലെത്തിയതോടെ പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം. ഇവരുടെ പ്രവർത്തന രീതിയെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ: ഒരു ആശുപത്രി ആവശ്യത്തിനായാണ് മൊബൈലിൽ കണ്ട ഒരു ആപ് വഴി 5000 രൂപ ലോണെടുത്തത്. തിരിച്ചടവ് കാലാവധി 1 വർഷമെന്ന് കാണിച്ചിരുന്നു. 5,000 രൂപ ആവശ്യപ്പെട്ടപ്പോൾ അക്കൗണ്ടിലെത്തിയത് 3500 രൂപ മാത്രം. ഒരു വർഷം കാലാവധി പറഞ്ഞവർ പതിനഞ്ചാം ദിവസം മുഴുവൻ തുകയും പലിശയും സഹിതം ആവശ്യപ്പെട്ടത് 5750 രൂപയാണ്.
ഇത് അടക്കാൻ നിർവാഹമില്ലാതായതോടെ ആദ്യം ഭീഷണിപ്പെടുത്തിയവർ പിന്നീട് തിരിച്ചടക്കാൻ മാർഗവും പറഞ്ഞു കൊടുത്തു. ഇവർ നൽകുന്ന മറ്റൊരു ആപ്പിൽ നിന്ന് കൂടുതൽ തുക ലോൺ കിട്ടും. ഇത്തരത്തിൽ പുതിയ ലോണെടുത്തപ്പോൾ 10,000 ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് 8,500 രൂപ മാത്രം. 15 ദിവസത്തിനകം തിരിച്ചടക്കേണ്ടത് 11,500 രൂപ. പലിശയും മുതലുമൊക്കെ തിരിച്ചടച്ചിട്ടും 50,000 ലേറെ രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.