ചിറ്റൂർ: ചിറ്റൂർ പുഴയിൽ കുടുങ്ങിയ കർണാടക സ്വദേശികളായ നാലുപേർക്ക് രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുതുജീവനേകി അഗ്നിരക്ഷാസേന. രക്ഷപ്പെട്ടവരിൽ 70ഉം 65ഉം വയസ്സുള്ളവരും ഉൾപ്പെടും. തിരികെയെത്തിക്കൽ കടുത്ത വെല്ലുവിളിയായെങ്കിലും റോപ്പ് ഉപയോഗിച്ച് അഗ്നിരക്ഷാസേന ഇവരെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ 12നായിരുന്നു നാടിനെ മുൾമുനയിലാഴ്ത്തിയ സംഭവം. കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേരാണ് അവിചാരിതമായി വെള്ളമുയർന്നതിനെത്തുടർന്ന് പുഴയുടെ നടുവിൽ കുടുങ്ങിയത്. മൈസൂരു സ്വദേശികളായ ലക്ഷ്മൺ (70), ഭാര്യ ദേവി (65), മകൻ സുരേഷ് (35), പേരമകൻ വിഷ്ണു (19) എന്നിവരാണിവർ.
കർണാടകയിൽനിന്നെത്തി പുഴയിൽനിന്ന് മീൻ പിടിച്ച് വിൽപന നടത്തുകയും മീൻവല നെയ്ത് വിൽപന നടത്തുകയും ചെയ്യുന്ന സംഘത്തിലുൾപ്പെട്ടവരാണ്. ആലാങ്കടവിൽ നല്ലേപ്പിള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിൽ താമസിക്കുന്ന കുടുംബം കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമായാണ് പുഴയിലേക്കിറങ്ങിയത്. നടുവിലെ പാറയിലിരുന്ന് വസ്ത്രങ്ങൾ അലക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്നവർ വേഗം കരക്കുകയറി. ഇവർക്ക് കയറാനായില്ല.
കരക്കു കയറിയവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ചിറ്റൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സേനയിലെ നാലംഗങ്ങൾ റോപ്പുകളും ലൈഫ് ജാക്കറ്റുകളുമായി പുഴയിലേക്കിറങ്ങി ആദ്യം വിഷ്ണുവിനെയും പിന്നീട് ദേവിയെയും കരക്കെത്തിച്ചു. മൂന്നാമതായി ലക്ഷ്മണിനെയും ഒടുവിൽ സുരേഷിനെയും രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും സ്ഥലത്തെത്തി.
ചിറ്റൂർ: ആർത്തലച്ച് വരുന്ന വെള്ളപ്പാച്ചിലിനു മുന്നിൽ വിറങ്ങലിച്ചുനിന്ന തങ്ങൾക്കു മുന്നിൽ രക്ഷകരായെത്തിയ അഗ്നിരക്ഷ സേന ജീവനക്കാരോട് ലക്ഷ്മണും ഭാര്യ ദേവിയും ഒരേ സ്വരത്തിൽ പറഞ്ഞത് ആദ്യം പേരമകനെയും മകനെയും രക്ഷിക്കൂവെന്നാണ്. പ്രായമേറിയവരെ ആദ്യം കരക്കെത്തിക്കണമെന്നുണ്ടായിരുന്നെങ്കിലും ഇവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പേരമകൻ വിഷ്ണുവിനെ ആദ്യം രക്ഷപ്പെടുത്തിയത്. ഇതിനിടെ പുഴയിലെ നീരൊഴുക്കും വർധിച്ചു. കോരിച്ചൊരിയുന്ന മഴയിൽ കുതിർന്നുനിൽക്കുന്ന വയോധികരുടെ ആരോഗ്യസ്ഥിതി മോശമാകുമെന്നതിനാൽ ഇവരെ രക്ഷിക്കണമെന്ന് സേനാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.
ഏറെ തളർന്ന ദേവിയെയും പിന്നീട് ലക്ഷ്മണിനെയും കരയിലെത്തിച്ചു. ഇതിനുശേഷം മഴ കൂടുതൽ കനത്തതോടെ രക്ഷാദൗത്യം ദുഷ്കരമായി. മകൻ സുരേഷിനായുള്ള പ്രാർഥനയോടെയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. അര മണിക്കൂറിനകം മഴയൊന്ന് ശമിച്ചതോടെ സുരേഷും സുരക്ഷിതതീരത്തെത്തി. പേടിയുണ്ടായിരുന്നോ എന്ന ആളുകളുടെ ചോദ്യത്തിനു മുന്നിൽ നിറചിരിയോടെ കൈകൂപ്പി നന്ദി പറഞ്ഞാണ് ദേവിയും ലക്ഷ്മണും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.