ചിറ്റൂർ: കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമായി ചിറ്റൂർ താലൂക്ക് ആശുപത്രി. മതിയായ സൗകര്യങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താതെ ആശുപത്രി മാനേജ്മെൻറ്. സ്കാനിങ്ങിനുള്ള സംവിധാനം ആശുപത്രിയിലുണ്ടായിട്ടും രോഗികൾ സ്വകാര്യ കേന്ദ്രങ്ങളെ അശ്രയിക്കേണ്ട ദുരവസ്ഥയിലാണ്. റേഡിയോളജിസ്റ്റിന്റെ സേവനം മുഴുവൻ സമയവും ലഭ്യമല്ലെന്നതാണ് ആശുപത്രി അധികൃതർ ന്യായീകരണമായി പറയുന്നത്. താൽക്കാലിക അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് സേവനം. എന്നാൽ, ഈ ദിവസങ്ങളിൽ റേഡിയോളജിസ്റ്റ് ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത് മടങ്ങുകയാണ്. 10 മുതൽ 15 വരെ സ്കാനിങ് മാത്രമാണ് നടത്തുന്നത്.
ഗർഭിണികൾ ഉൾപ്പെടെ പിന്നീട് പാലക്കാട്ടെ സ്വകാര്യ സ്കാനിങ് സെൻററിൽ പരിശോധന നടത്തണം. 1000ലേറെ രൂപ ഇതിനായി ചിലവാക്കേണ്ടി വരുന്നു. അട്ടപ്പാടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള ചിറ്റൂർ താലൂക്കിൽ അധികൃതരുടെ അനാസ്ഥ മൂലം രോഗികൾ വലയുമ്പോഴും സ്വകാര്യ സ്കാനിങ് സെൻററുകളെ സഹായിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നത്. താൽക്കാലിക നിയമനങ്ങളിൽ ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഡ്യൂട്ടി ചെയ്യണമെന്നിരിക്കെ ആഴ്ചയിൽ ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത് ശമ്പളം വാങ്ങുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടെയും ഫണ്ട് ഉപയോഗിച്ചാണ് ദൈനംദിന പ്രവർത്തനങ്ങളും താൽക്കാലിക നിയമനങ്ങൾക്കുള്ള വേതനം നൽകുന്നതും. പ്രതിദിനം 500ലേറെപ്പേർ ചികിത്സക്കെത്തുന്ന ഇവിടെ ഒ.പി ടിക്കറ്റ് ഇനത്തിൽ മാത്രം 5000 രൂപയോളം ദിനേന ലഭിക്കുന്നുണ്ട്. എന്നാലും മുഴുവൻ സമയ റേഡിയോളജിസ്റ്റ് നിയമനത്തിന് ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.