ചിറ്റൂർ: മുൻകാല അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാതെ സംസ്ഥാന ജലവിഭവ വകുപ്പും ഉദ്യോഗസ്ഥരും. മുന്നറിയിപ്പില്ലാത്ത ജലപ്രവാഹത്തെത്തുടർന്ന് രണ്ടുതവണ തകർന്ന മൂലത്തറ റെഗുലേറ്റർ, അതിനെത്തുടർന്ന് ഒരു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ജലദൗർലഭ്യം, സമര പരമ്പരകൾ എന്നിവയിൽനിന്നൊന്നും ഒരു പാഠവും ജലവിഭവ വകുപ്പ് ഉൾക്കൊണ്ടിട്ടില്ലെന്നു വേണം കരുതാൻ. നിരവധി തവണയാണ് മുന്നറിയിപ്പില്ലാതെ വർഷകാലത്ത് തമിഴ്നാട് വെള്ളം തുറന്നുവിടുന്നത്. എന്നാൽ, മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനോ ചിറ്റൂർ പുഴയുടെ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനോ അധികൃതർ തയാറാവുന്നില്ല. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രധാന കാരണം. ജില്ല കലക്ടറുടെ മേൽനോട്ടത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയാണ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കേണ്ടതും പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകേണ്ടതും.
എന്നാൽ, ജലവിഭവ വകുപ്പോ റവന്യൂ വകുപ്പോ പൊലീസോ ഒരു നടപടിയും സ്വീകരിക്കാറുമില്ല. പുഴയിൽനിന്ന് അധികം ഉയരമില്ലാത്ത നിലംപതി പാലങ്ങളാണ് ചിറ്റൂർ പുഴയിൽ കൂടുതലുമുള്ളത്. മൂലത്തറ റെഗുലേറ്ററിൽനിന്ന് സെക്കൻഡിൽ 5000 ഘനയടി വെള്ളമെത്തിയാൽ നിലംപതി പാലങ്ങളെല്ലാം വെള്ളത്തിനടിയിലാവും. തമിഴ്നാടിെൻറ നിയന്ത്രണത്തിലുള്ള ആളിയാറിൽനിന്ന് മുന്നറിപ്പില്ലാതെയാണ് മൂലത്തറ റെഗുലേറ്ററിലേക്ക് വെള്ളം തുറക്കുന്നത്. ആളിയാറിൽ നിന്നുള്ള വെള്ളം മൂലത്തറയിലെത്താൻ എട്ടു മണിക്കൂറോളം സമയം വേണം.
മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാൻ ആവശ്യമായ സമയമുണ്ടെന്നിരിക്കെ പരസ്പരം പഴിചാരി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് വകുപ്പുകൾ ചെയ്യുന്നത്. മുന്നറിയിപ്പ് നൽകേണ്ടതും സുരക്ഷ സംവിധാനങ്ങൾ ഒരുക്കേണ്ടതും ദുരന്ത നിവാരണ അതോറിറ്റിയാണെന്നും തങ്ങൾക്കിതിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് ജലവിഭവ വകുപ്പിെൻറ നിലപാട്. ജലവിനിയോഗത്തിന് ഇരു സംസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിക്കുകയും പരമാവധി സംഭരണശേഷിയിലെത്തുന്നതിനു മുമ്പുതന്നെ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യണമെന്നാണ് സമീപവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.