ചിറ്റൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചിറ്റൂർ തത്തമംഗലം നഗരസഭയിൽ നിലവിലെ ചെയർമാനുൾപ്പെടെ വിമതരായി രംഗത്ത്. തുടർച്ചയായി മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് നഗരസഭ ചെയർമാനും മുൻ എം.എൽ.എ കെ. അച്യുതെൻറ സഹോദരനുമായ കെ. മധു സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയത്.
ജില്ല കോൺഗ്രസ് കമ്മിറ്റി തീരുമാനപ്രകാരം മൂന്നു തവണയിൽ കൂടുതൽ മത്സരിക്കാൻ അവസരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് കെ. മധുവിനുൾപ്പെടെ സ്ഥാനാർഥിത്വം നിഷേധിച്ചത്. എന്നാൽ, ഡി.സി.സി തീരുമാനത്തിന് വിരുദ്ധമായി പത്രിക നൽകുകയായിരുന്നു.
28ാം വാർഡിലാണ് കെ. മധു പത്രിക നൽകിയത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. എട്ട് സീറ്റുകൾ യൂത്ത് കോൺഗ്രസിെൻറ വിവിധ ഭാരവാഹികൾക്ക് നൽകണമെന്ന് ആവശ്യമുയർന്നെങ്കിലും ഇത് പരിഗണിക്കാതെയാണ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.
ഇതിൽ പ്രതിഷേധിച്ച് എട്ട് വാർഡുകളിൽ വിമതർ പത്രിക സമർപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്നാണ് യൂത്ത് കോൺഗ്രസുകാർ മത്സര രംഗത്തെത്തിയത്. ഡി.സി.സി വൈസ് പ്രസിഡൻറും കെ. അച്യുതെൻറ മകനുമായ സുമേഷ് അച്യുതനും വിമതനായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.